തിരുവനന്തപുരം: ആരോഗ്യമേഖലയിൽ കേരളം മറ്റ് രാജ്യങ്ങൾക്ക് മാതൃക ആണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോവിഡ് മഹാമാരിയിൽ ഉൾപ്പടെ കൈത്താങ്ങായി പ്രവർത്തിച്ച കനിവ് 108 ആംബുലൻസ് ജീവനക്കാരെ അദേഹം അഭിനന്ദിച്ചു. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ സൗജന്യ ആംബുലൻസ് സേവനമായ കനിവ് 108 ആംബുലൻസ് സർവീസിൻ്റെ എമർജൻസി റെസ്പോൺസ് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയിൽ കേരളം മറ്റ് രാജ്യങ്ങൾക്ക് തന്നെ മാതൃക ആണെന്നും മികച്ച പ്രവർത്തനമാണ് ആരോഗ്യമേഖലയിലെ ഓരോ ജീവനക്കാരും കാഴ്ച വെയ്ക്കുന്നതെന്നും അദേഹം പറഞ്ഞു.

കോവിഡ് മഹാമാരിയിൽ ഉൾപ്പടെ സംസ്ഥാനത്തെ ജനങ്ങൾക്ക് കൈത്താങ്ങ് ആകുന്നതിന് കനിവ് 108 ആംബുലൻസ് ജീവനക്കാരെ അദേഹം അഭിനന്ദിച്ചു. സംസ്ഥാനത്തുടനീളം നിന്ന് 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വരുന്ന അത്യാഹിത കാളുകൾ എമർജൻസി റെസ്പോൺസ് സെൻ്ററിൽ കൈകാര്യം ചെയ്യുന്നത് മുതൽ അത്യാധുനിക സംവിധാനം വഴി കനിവ് 108 ആംബുലൻസുകൾ സംഭവ സ്ഥലത്തേക്ക് വിന്യസിക്കുന്നത് ഉൾപ്പടെ അദേഹം വീക്ഷിച്ചു. തുടർന്ന് കഴിഞ്ഞ 2 വർഷത്തെ കനിവ് 108 ആംബുലൻസ് സർവീസ് പ്രവർത്തനങ്ങൾ അദേഹം വിലയിരുത്തി. കനിവ് 108 ആംബുലൻസിനുള്ളിലെ സംവിധാനങ്ങൾ നോക്കി കാണുകയും ആംബുലൻസ് ജീവനക്കാരോട് ആശംസകൾ അറിയിക്കുകയും ചെയ്ത ശേഷമാണ് അദേഹം മടങ്ങിയത്.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡി. ബാലമുരളി ഐ.എ.എസ്, ജനറൽ മാനേജർ ഡോ. എസ്.എസ് ജോയ്, ജി.വി.കെ ഇ.എം.ആർ.ഐ ഇ.എം.എൽ.സി ഡയറക്ടർ ഡോ. രമണ റാവു, സംസ്ഥാന ഓപറേഷൻസ് മേധാവി ശരവണൻ അരുണാചലം തുടങ്ങിയവർ ഗവർണറെ അനുഗമിച്ചു.
