തിരുവനന്തപുരം: ബാങ്കുകൾ ഭൂമി പണയപ്പെടുത്തി വായ്പകൾ നൽകുമ്പോൾ ഇത്തരം ഭൂമി പണയപ്പെടുത്തലുകൾ ബാങ്കുകൾക്കു പരിശോധനയ്ക്ക് ലഭ്യമാകുന്ന വിധത്തിൽ റവന്യൂ വകുപ്പിന്റെ പോർട്ടലിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഇത്തരത്തിൽ മോർട്ട്ഗേജ് രേഖപ്പെടുത്തുന്നതിന് പരമാവധി 1000 രൂപയും, ഈ രേഖപ്പെടുത്തൽ ഒഴിവാക്കുന്നതിനായി 300 രൂപയും ഫീസായി ബാങ്കുകളിൽനിന്ന് ഈടാക്കും. ഇതിലൂടെ പ്രതിവർഷം 200 കോടി രൂപ അധികവരുമാനം പ്രതീക്ഷിക്കുന്നു.
സ്വാതന്ത്ര്യത്തിന് മുൻപ് വിദേശ പൗരന്മാർക്കും കമ്പനികൾക്കും സർക്കാർ ഭൂമി പാട്ടമായും ഗ്രാന്റായും വ്യവസ്ഥകളോടെ നൽകിയ ഭൂമിയിൽനിന്ന് നിയമാനുസരണം പാട്ടം നിശ്ചയിച്ച് പാട്ടത്തുക പിരിച്ചെടുക്കും.
സർക്കാർ ഭൂമി പാട്ടത്തിന് നൽകിയ ഇനത്തിൽ പാട്ടത്തുക കുടിശ്ശിക വരുത്തിയിട്ടുള്ള ധാരാളം വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്. ഈ തുക പിരിഞ്ഞു കിട്ടുന്നതിനായി ആംനസ്റ്റി സ്കീം കൊണ്ടു വരും. ആംനസ്റ്റി സ്കീമിലൂടെ കുടിശ്ശിക തീർക്കാത്ത കുടിശ്ശിക്കാരുടെ പാട്ടം റദ്ദ് ചെയ്ത് ഭൂമി സർക്കാരിലേക്ക് തിരിച്ചെടുക്കും. ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടി പുഴകളിൽ നിന്നും 2024-25 സാമ്പത്തിക വർഷം മണൽവാരൽ പുനരാരംഭിക്കും. മണൽ നിക്ഷേപമുള്ള മറ്റ് നദികളിൽ നിന്നും ഘട്ടം ഘട്ടമായി മണൽ വാരും. ഇതിലൂടെ 200 കോടി പ്രതീക്ഷിക്കുന്നു.