മനാമ: സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ (എസ്.എം.സി) കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കുള്ള വെയിറ്റിംഗ് ലിസ്റ്റുകളിലുള്ളവര്‍ക്കെല്ലാം ഈ ഓഗസ്റ്റില്‍ തന്നെ ശസ്ത്രക്രിയ നടത്തി ലിസ്റ്റ് പൂര്‍ണമായും ഒഴിവാക്കുമെന്ന് ബഹ്റൈനിലെ സര്‍ക്കാര്‍ ആശുപത്രികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മറിയം അദ്ബി അല്‍ ജലഹമ അറിയിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണിത്. രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനത്തിലെ ഗണ്യമായ പുരോഗതിയില്‍ നാഴികക്കല്ലാകുമിത്.
ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുന്നതിലുള്ള ഈ നേട്ടത്തിലേക്ക് നയിച്ച കിരീടാവകാശിയുടെ പിന്തുണയ്ക്ക് ഡോ. അല്‍ ജലഹമ നന്ദി രേഖപ്പെടുത്തി. ഈ പുരോഗതി കോക്ലിയര്‍ ഇംപ്ലാന്റ് പോലുള്ള നിര്‍ണായക ശസ്ത്രക്രിയകള്‍ ആവശ്യമുള്ള പൗരര്‍ക്കും താമസക്കാര്‍ക്കും ഗണ്യമായി ഗുണം ചെയ്യും. ഇത് അവരുടെ ജീവിത നിലവാരം നാടകീയമായി മെച്ചപ്പെടുത്തും.
2024ന്റെ തുടക്കം മുതല്‍ ഇതുവരെ 23 കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഈ ശസ്ത്രക്രിയ ആരംഭിച്ചതിനുശേഷം മൊത്തം 373 എണ്ണം നടന്നു. വെയിറ്റിംഗ് ലിസ്റ്റുകള്‍ ഇപ്പോള്‍ തീര്‍ക്കുന്നതോടെ ആവശ്യമായ മെഡിക്കല്‍ വിലയിരുത്തലുകള്‍ പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ കേസുകള്‍ ശസ്ത്രക്രിയയ്ക്ക് ഷെഡ്യൂള്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.