മനാമ: ഗവൺമെൻ്റ് ഹോസ്പിറ്റൽസ് അഡ്മിനിസ്ട്രേഷൻ ഡബ്ലിനിലെ ട്രിനിറ്റി കോളേജുമായി സഹകരണ കരാറിൽ ഒപ്പുവച്ചു. ഗവൺമെൻ്റ് ഹോസ്പിറ്റൽസ് അഡ്മിനിസ്ട്രേഷൻ സി.ഇ.ഒ. ഡോ. മറിയം അദ്ബി അൽ ജലഹ്മയും ഡബ്ലിനിലെ ട്രിനിറ്റി കോളജിലെ സ്കൂൾ ഓഫ് മെഡിസിൻ മേധാവി പ്രൊഫസർ കോളിൻ ഡോഹെർട്ടിയുമാണ് കരാറിൽ ഒപ്പുവെച്ചത്.
കോളേജിൻ്റെ പരിശീലന പരിപാടികളിൽനിന്നും തുടർ പ്രൊഫഷണൽ വിദ്യാഭ്യാസ (സി.പി.ഇ) പ്രോഗ്രാമുകളിൽനിന്നും പ്രയോജനം നേടുന്നതിലൂടെയും പ്രത്യേക മെഡിക്കൽ മേഖലകളിൽ മെഡിക്കൽ ഫെലോഷിപ്പ് പൂർത്തിയാക്കിയ ഡോക്ടർമാർക്ക് പരിശീലനം നൽകുന്നതിലൂടെയും സഹകരണം ശക്തിപ്പെടുത്തുകയാണ് കരാർ ലക്ഷ്യമിടുന്നത്.
ആരോഗ്യ മേഖലയുടെ പുരോഗതിക്കും പൗരർക്ക് വൈദ്യ പരിചരണത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള ബഹ്റൈൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് കരാറെന്ന് ഡോ. അൽ ജലഹ്മ പറഞ്ഞു. ഡോക്ടർമാർക്ക് അവരുടെ പ്രൊഫഷണൽ കഴിവുകളും പ്രത്യേക മെഡിക്കൽ മേഖലകളിലെ പ്രായോഗിക അനുഭവവും കൂടുതൽ വികസിപ്പിക്കാനുള്ള അവസരങ്ങൾ ഇതുവഴി ലഭിക്കുമെന്നും അവർ പറഞ്ഞു.