മുംബൈ: സത്യപ്രതിജ്ഞ ചെയ്ത് 40 ദിവസത്തിന് ശേഷം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ച് ഏക്നാഥ് ഷിൻഡെ. മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായതായി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പറഞ്ഞു. ദേവേന്ദ്ര ഫഡ്നാവിസ് സുപ്രധാന വകുപ്പുകൾ ഏറ്റെടുത്തുവെന്നതാണ് ശ്രദ്ധേയം.
ദേവേന്ദ്ര ഫഡ്നാവിസിനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെയും ധനമന്ത്രാലയത്തിന്റെയും ചുമതല. ഏക്നാഥ് ഷിൻഡെ പൊതുഭരണത്തിന് പുറമെ നഗരവികസന മന്ത്രാലയവും കൈകാര്യം ചെയ്യും. പരിസ്ഥിതി, ഗതാഗതം, ദുരന്ത നിവാരണം, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, റിലീഫ് ആൻഡ് റീഹാബിലിറ്റേഷൻ എന്നീ വകുപ്പുകളും മുഖ്യമന്ത്രി കൈകാര്യം ചെയ്യും.
നിയമം, നീതി, ഭവനനിർമാണം, ഊർജ്ജം എന്നീ വകുപ്പുകളുടെ ചുമതല ദേവേന്ദ്ര ഫഡ്നാവിസ് ഏറ്റെടുക്കും. അതേസമയം, വകുപ്പ് വിഭജനം തർക്കമില്ലാതെയാണ് നടന്നതെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ആവശ്യമെങ്കിൽ അടുത്ത മന്ത്രിസഭാ വിപുലീകരണത്തിന് മുന്നോടിയായി ചില വകുപ്പുകൾ ബിജെപിക്കും ഷിൻഡെ ക്യാമ്പിനും കൈമാറാമെന്ന് ഫഡ്നാവിസ് പറഞ്ഞു.