അമരാവതി: സർക്കാർ നടപ്പിലാക്കിയ ശമ്പള പരിഷ്കരണം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി ആന്ധ്രപ്രദേശിൽ സർക്കാർ ജീവനക്കാരുടെ വേറിട്ട പ്രതിഷേധം. അമരാവതിയിലെ സെക്രട്ടേറിയേറ്റിന് മുന്നിൽ പിന്നോട്ട് നടന്നാണ് ജീവനക്കാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. സംസ്ഥാനത്തുടനീളം സർക്കാർ ഓഫിസുകളിൽ പണിമുടക്കവുമാചരിച്ചു.
തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് 11ാം ശമ്പള പരിഷ്കരണ കമ്മീഷന്റെ ശുപാർശകൾക്കെതിരെ പ്രതിഷേധമുയരുന്നത്. ഇടക്കാല ആശ്വാസമായി സർക്കാർ നേരത്തെ നൽകിയ തുക ശമ്പളത്തിൽ നിന്ന് പിടിക്കുമെന്ന ശുപാർശയാണ് ജീവനക്കാർക്കിയടയിൽ വലിയ പ്രതിഷേധത്തിന് കാരണമായത്.
വ്യാഴാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ജീവനക്കാരാണ് പ്രതിഷേധവുമായി തലസ്ഥാനത്ത് ഒത്തുകൂടിയത്. ശമ്പള പരിഷ്കരണ കമ്മീഷന്റെ വിവാദ ശുപാർശകൾ നടപ്പിലാക്കരുതെന്ന് ഇവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
എന്നാൽ ജീവനക്കാരുടെ പ്രതിഷേധങ്ങൾക്കിടയിലും ശുപാർശകൾ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. ഇതേ തുടർന്ന് കൂടുതൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ജീവനക്കാർ വ്യക്തമാക്കി.
