
തിരുവനന്തപുരം: ലോകത്തിലെ പ്രധാന വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനായ ഗൂഗിള്‍ മീറ്റ് (Google Meet) സേവനം ഇന്ത്യയില്‍ തടസപ്പെട്ടു. ഇന്റര്‍നെറ്റ് സേവനങ്ങളുടെ സുഗമമായ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന സംവിധാനമായ ഡൗണ്‍ഡിറ്റക്റ്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 11 മണിയോടെയാണ് ഗൂഗിള്‍ മീറ്റ് സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമല്ലാതായത്. ഗൂഗിള്‍ മീറ്റിലെ സാങ്കേതിക തടസം 11.30-ഓടെ ഏറ്റവും ഉച്ചസ്ഥായിയിലെത്തി. ഗൂഗിള്‍ മീറ്റ് ലഭ്യമാകുന്നില്ലെന്ന് കാണിച്ച് രണ്ടായിരത്തോളം പരാതികള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ ഉച്ചതിരിഞ്ഞ് രണ്ട് മണി വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഇന്ത്യയില്‍ പലര്‍ക്കും അടിച്ചുപോയി ഗൂഗിള്‍ മീറ്റ്
ദില്ലി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഗൂഗിള്‍ മീറ്റിലെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗൂഗിള്‍ മീറ്റിന്റെ വെബ്സൈറ്റില്‍ പ്രവേശിക്കാനാകുന്നില്ലെന്നായിരുന്നു പ്രധാനമായും യൂസര്‍മാരുടെ പരാതി. ആകെ പരാതി രേഖപ്പെടുത്തിയവരില്‍ 63 ശതമാനം പേരാണ് ഈ പ്രശ്നം ചൂണ്ടിക്കാട്ടിയത്. സെര്‍വര്‍ കണക്ഷന് വിച്ഛേദിക്കപ്പെടുന്നതായി 34 ശതമാനം പേര് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വീഡിയോ ക്വാളിറ്റിയില്‍ പ്രശ്നം നേരിടുന്നതായും ചെറിയൊരു ശതമാനം ഗൂഗിള്‍ മീറ്റ് ഉപയോക്താക്കള്‍ക്ക് പരാതിയുണ്ട്. എന്നാല്‍ എന്താണ് ഗൂഗിള്‍ മീറ്റ് ഉപഭോക്താക്കള്‍ ഇന്ത്യയില്‍ ഇപ്പോള്‍ നേരിടുന്ന സാങ്കേതികപ്രശ്നങ്ങള്‍ക്ക് കാരണം എന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

ഇന്റര്‍നെറ്റ് സേവനങ്ങളിലെ തടസം തുടര്‍ക്കഥ
ഇന്ത്യയില്‍ ഗൂഗിള്‍ മീറ്റ് ഡൗണ്‍ ആയതിന് പിന്നാലെ നിരവധി ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചു. ഗൂഗിള്‍ മീറ്റില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ 502 That’s an error എന്ന മുന്നറിയിപ്പ് എഴുതിക്കാണിക്കുന്നു എന്നായിരുന്നു ഒരു സ്ക്രീന്‍ഷോട്ടില്‍ ദൃശ്യമാകുന്നത്. 30 സെക്കന്‍ഡുകള്‍ക്ക് ശേഷം വെബ്സൈറ്റില്‍ വീണ്ടും പ്രവേശിക്കാന്‍ ശ്രമിക്കാനും ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു. ഒക്ടോബര്‍ മാസത്തില്‍ ആമസോണ്‍ വെബ് സര്‍വീസും അസ്യൂറും ഒറാക്കിള്‍ ക്ലൗഡും തടസപ്പെട്ടതിനും, നവംബറില്‍ ക്ലൗഡ്ഫ്ലെയര്‍ ഡൗണായതിനും പിന്നാലെയാണ് ഗൂഗിള്‍ മീറ്റിനെയും സാങ്കേതിക തടസം ബാധിച്ചിരിക്കുന്നത്.

