തിരുവനന്തപുരം: ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള നല്ല ബന്ധമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഭരണാധികാരികള്‍ക്ക് ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടുമ്പോള്‍ ജനാധിപത്യത്തില്‍ പല പ്രശ്നങ്ങള്‍ ഉടലെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ചു നടന്ന ഡോക്യുമെന്ററി പ്രകാശന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തന്റെ 51 വര്‍ഷത്തെ പൊതുജീവിതം ജനങ്ങളുമായി ലയിച്ചുചേര്‍ന്നതാണ്. ജനങ്ങളുമായി ഇടപെഴുകുമ്പോള്‍ യാതൊരുവിധ ശാരീരിക പ്രയാസങ്ങളുമില്ല. അപ്പോള്‍ കിട്ടുന്ന ഊര്‍ജം ഭക്ഷണത്തില്‍ നിന്നോ പാനീയത്തില്‍ നിന്നോ ലഭിക്കാറില്ല. ജനങ്ങളുമായുള്ള ബന്ധം തുടരും. കൊറോണാകാലത്ത് ജനങ്ങള്‍ കഷ്ടപ്പെടുന്ന സമയത്ത് സുവര്‍ണ ജൂബിലി ആഘോഷ പരിപാടികള്‍ തനിക്കു വിലക്കേണ്ടി വന്നു. അതിന് ഇളവുനല്കിയാണ് ഒന്നോ രണ്ടോ പരിപാടികള്‍ നടത്താന്‍ സമ്മതിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അങ്ങേയറ്റം ദയയും മനുഷ്യസ്നേഹവുമുള്ള അപൂര്‍വ വ്യക്തിത്വമാണ് ഉമ്മന്‍ ചാണ്ടിയുടേതെന്ന് പ്രശസ്ത സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ചൂണ്ടിക്കാട്ടി. അങ്ങേയറ്റം ബഹുമാനത്തോടെയാണ് താന്‍ അദ്ദേഹത്തെ കാണുന്നത്.
ഉമ്മന്‍ ചാണ്ടിയെ ഒരു വിഗ്രഹംപോലെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ആളാണ് താനെന്ന് പ്രശസ്ത എഴുത്തുകാരന് പെരുമ്പടവം ശ്രീധരന് പറഞ്ഞു. എന്റെ ജനം എന്ന വികാരമാണ് ഉമ്മന്‍ ചാണ്ടിയെ എപ്പോഴും നയിക്കുന്നത്.
ഉമ്മന്‍ ചാണ്ടി എംഎല്‍എ ആയശേഷമാണ് എംഎല്‍എമാരുടെ ജനകീയവത്കരണത്തിന് തുടക്കമിട്ടതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് പറഞ്ഞു. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലൂന്നി പ്രവര്‍ത്തിച്ച എംഎല്‍എമാര്‍ ജനങ്ങളോട് അടുത്തിടപെഴകി പ്രവര്‍ത്തിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ ജനകീയ ശൈലിമൂലം നിര്‍ബന്ധിതരായി. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍, വരാന്തയില്‍ ഇറങ്ങിനിന്ന് ജനങ്ങളെ കണ്ടാണ് ഉമ്മന്‍ ചാണ്ടി ആ നിയന്ത്രണം പൊളിച്ചതെന്നും ഹസന് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പാലോട് രവി നന്ദി പറഞ്ഞു. എംഎല്‍എ എംവിന്‍സന്റ്, മുന്‍എംഎല്‍എ വിഎസ് ശിവകുമാര്‍, സിപി ജോണ്‍, ജിജി തോംസണ്‍, ജി വിജയരാഘവന്, സംഗീത സംവിധായകന് എം ജയചന്ദ്രന്, ഫൈസല്‍ ഖാന്, ഡെയ്സി ജേക്കബ്, ഷീല ജെയിംസ്, മറിയാമ്മ ഉമ്മന്‍, ചാണ്ടി ഉമ്മന്‍, മറിയ ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് മക്ബുല്‍ റഹ്മാന് സംവിധാനം ചെയ്ത ദ അണ്‍നോണ്‍ വാരിയര്‍ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.