തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും ബൃഹത്തായ പോലീസ് ക്വാർട്ടേഴ്സായ പാളയം പോലീസ് ക്വാർട്ടേഴ്സ് സമുച്ചയം അമ്പതു വർഷം പിന്നിടുകയാണ്. 1970 ലെ അച്യുതമേനോൻ സർക്കാരിന്റെ കാലയളവിലാണ് പഴയ പട്ടാള ക്യാമ്പ് സ്ഥിതി ചെയ്തിരുന്ന കന്റോൺമെൻറ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്തു പോലീസ് ക്വാർട്ടേഴ്സ് മന്ദിരങ്ങൾ പണി പൂർത്തിയാകുന്നത്. ഓടുമേഞ്ഞ പഴയ ചെറിയ കെട്ടിടങ്ങൾക്ക് പകരം ഫ്ലാറ്റ് മാതൃകയിൽ നാല്നിലകെട്ടിടങ്ങളാണ് അന്ന് നിർമ്മിച്ചത്. 138 കുടുംബങ്ങൾക്ക് താമസിക്കാനുള്ള പത്തു ഫ്ളാറ്റുകളാണ് നഗരഹൃദയത്തിൽ ഇടം പിടിച്ചത്. രാഷ്ട്രപതി ആയിരുന്ന വി.വി ഗിരിയാണ് 1973 ഏപ്രിൽ മാസം ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. കാലക്രമത്തിൽ ഇവിടെ വീണ്ടും ഫ്ലാറ്റുകൾ പണിയുകയും, നിലവിൽ 19 ഫ്ളാറ്റുകളിലായി മുന്നോറോളം കുടുംബങ്ങളാണ് ക്വാർട്ടേഴ്സിലുള്ളത്.
പോലീസ് കോൺസ്റ്റബിൾ മുതൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർവരെ ഇവിടെ താമസിക്കുന്നുണ്ട്. പോലീസ് ക്വാർട്ടേഴ്സ് റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2024 ജനുവരി വരെ നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്. സുവർണ ജൂബിലി ആഘോഷവും ഓണാഘോഷ പരിപാടികളും ആഗസ്റ്റ് 24 , 25 , 26 തീയതികളിൽ നടക്കും. 24ന് വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, എഡിജിപി എം ആർ അജിത്കുമാർ, കവി മധുസൂദനൻ നായർ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് എസ് ആർ ലാൽ, നഗരസഭാ മുൻ കൗൺസിലർ ഐഷാ ബേക്കർ, പോലീസ് സംഘടനാ ഭാരവാഹികളായ അജേഷ് ബി, അനീസ് മുഹമ്മദ്, എന്നിവർ പങ്കെടുക്കും. തുടർന്ന് കരാക്കെ ഗാനമേളയും അത്താഴ വിരുന്നു നടക്കും. 25 ന് വൈകിട്ട് 4 മണിക്ക് വടംവലി മത്സരവും ആറുമണി മുതൽ പോലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.
26ന് രാവിലെ 9 മണി മുതൽ അത്തപ്പൂക്കള മത്സരവും 11 .30 മുതൽ ഓണസദ്യയും നടക്കും. വൈകിട്ട് 5 30ന് ചേരുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഗതാഗതവകുപ്പ് മന്ത്രി ആൻറണി രാജു, വി.കെ.പ്രശാന്ത് എംഎൽഎ, സിറ്റി പോലീസ് കമ്മീഷണർ നാഗരാജു ചക്കിലം, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അജിത്.വി, സിനിമ താരം പ്രിയങ്ക എസ്. നായർ നഗരസഭ കൗൺസിലർ പാളയം രാജൻ, അസിസ്റ്റൻറ് പോലീസ് കമ്മീഷണർമാരായ വി.എസ്. ദിനരാജ്, സ്റ്റുവർട്ട് കീലർ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികളായ പ്രശാന്ത്.ആർ, വി.ചന്ദ്രശേഖരൻ, ജയകുമാർ.എസ്.എസ് എന്നിവർ പ്രസംഗിക്കും. രാത്രി 9 മണി മുതൽ ഗാനമേളയും ഉണ്ടായിരിക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻകാല ക്വാർട്ടേഴ്സ് നിവാസികളുടെ സംഗമംവും കലാകായിക മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിയെടുക്കുന്ന പോലീസ് ഉദ്യോഗസഥരുടെ വലിയൊരു കൂട്ടായ്മ കൂടിയാണ് ക്വാർട്ടേഴ്സിലെ റസിഡൻസ് വെൽഫെയർ അസോസിയേഷൻ. ക്വാർട്ടേഴ്സ് നിവാസികളുടെ ക്ഷേമത്തിനും കലാകായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇവിടെ വിവിധ സംരഭങ്ങൾ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള പാർക്ക്, ആഡിറ്റോറിയം, ലൈബ്രറി എന്നിവയും ക്വാർട്ടേഴ്സിലുണ്ട്. പോലീസ് ഉദ്യോഗസഥർക്കും കുട്ടികൾക്കും നൃത്തം,സംഗീതം, ഉപകരണ സംഗീതം, എന്നിവയിലും സ്വയം പ്രതിരോധമുറകൾ അഭ്യസിക്കാൻ കളരിപ്പയറ്റിലും കരാട്ടെയിലും പരിശീലനക്ലാസുകൾ നടന്നു വരുന്നു. ഉറവിട മാലിന്യ സംസ്കരണത്തിലും പ്ലാസ്റ്റിക് നിർമാർജന പ്രവർത്തനങ്ങളിലും മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചതിനു നഗരസഭയുടെ ഗ്രീൻ പ്രോട്ടോകോൾ പുരസ്കാരവും തദ്ദേശ സ്വയംഭരണവകുപ്പിന്റെ അവാർഡും റസിഡൻസ് അസോസിയേഷൻ നേടിയിട്ടുണ്ട്. ഉറവിട മാലിന്യ സംസ്കരണത്തിനായി നഗരസഭയുടെ സഹായത്തോടെ OWC പ്ലാന്റും ക്വാർട്ടേഴ്സിൽ സ്ഥാപിച്ചിട്ടുണ്ട്.