
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നല്കിയ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും കോടതിയില്‍ മറുപടി നല്‍കാതെ പ്രതിപക്ഷ വിഡി സതീശന്. വഞ്ചിയൂര്‍ സെക്കന്‍ഡ് അഡീഷണല്‍ സബ് കോടതിയാണ് കേസ് പരിഗണിച്ചത്. ശബരിമലയിലെ ദ്വാരപാലക ശില്പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളിക്ക് അറിയാമെന്ന ആരോപണത്തിനാണ് വിഡി സതീശനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
ആദ്യം തവണ കേസ് പരിഗണിച്ചത് നവംബര്‍ 20നായിരുന്നെങ്കിലും വിഡി സതീശന് വേണ്ടി ഹാജരായ അഭിഷാഷകന്‍ സമയം നീട്ടി ചോദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കേസ് ഈ മാസം 25ലേക്ക് നീട്ടി. എന്നാല്‍ ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ സമയം നീട്ടിനല്‍കണമെന്ന് വിഡി സതീശന്റ അഭിഭാഷകന് ആവശ്യപ്പെട്ടെങ്കിലും ഇങ്ങനെ ആവര്‍ത്തിക്കാന്‍ പറ്റില്ലെന്ന് കോടതി അറിയിച്ചു. ഡിസംബര്‍ ഒന്നിലേക്ക് ഹര്‍ജി മാറ്റിവച്ചതായി കോടതി അറിയിച്ചു.
‘അയ്യപ്പന്റെ ദ്വാരപാലക വിഗ്രഹം ഒരു കോടീശ്വരന് വിറ്റിരിക്കുകയാണ്. കടകംപള്ളിയോട് ചോദിച്ചാല്‍ അറിയാം ആരാ കോടീശ്വരന് എന്ന്, കേരളത്തിലുള്ള കോടീശ്വരന് ഇത് മേടിക്കില്ല. കടകംപള്ളിയോട് ചോദിച്ചായ കൃത്യമായി അറിയാം’- എന്നായിരുന്നു സതീശന്റെ വാക്കുകള്‍. തനിക്ക് എതിരായ പ്രതിപക്ഷ നേതാവിന്റെ ആരോപണം മാനസിക നില തെറ്റിയ ഒരാളുടേതാണെന്നും ആരോപണം വി ഡി സതീശന് തെളിയിക്കണമെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളി.


