
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് തിരിമറി നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി. 2019ല്‍ സ്വര്‍ണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വര്‍ണം കാണാതായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. ദേവസ്വം ചീഫ് വിജിലന്‍സ് ഓഫിസറുടെ റിപ്പോര്‍ട്ട് ഇന്നു തന്നെ ദേവസ്വം ബോര്‍ഡിന് കൈമാറാനും കോടതി നിര്‍ദേശിച്ചു. ബോര്‍ഡ് ഇത് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറണം. തുടര്‍ന്ന് പോലീസ് മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാകണം എസ്.ഐ.ടി. കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിക്കേണ്ടത്.
ദ്വാരപാലക ശില്പങ്ങളിലെ ചെമ്പുപാളികള്‍ക്ക് പുറമെ ലിന്റല്‍, വശങ്ങളിലെ ഫ്രെയിമുകള്‍ എന്നിവയില്‍ സ്വര്‍ണം പൂശിയതില്‍ ക്രമക്കേടുണ്ടോ എന്ന് എസ്.ഐ.ടിക്ക് പരിശോധിക്കാം. പ്രത്യേക കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണിക്കണോ എന്നത് എസ്.ഐ.ടിക്ക് തീരുമാനിക്കാം.
ചെന്നൈയിലെത്തിച്ച ചെമ്പുപാളികളില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതിനാല്‍ ഇതില്‍ വീണ്ടും സ്വര്‍ണം പൂശാന്‍ സാധിക്കില്ലെന്നു സ്മാര്‍ട് ക്രിയേഷന്‍സ് അറിയിച്ചിരുന്നു. എന്നാല്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ നിര്‍ബന്ധത്താല്‍ ഇതില്‍ നിന്നുള്ള സ്വര്‍ണം വേര്‍തിരിച്ചെടുത്തു. തുടര്‍ന്ന് ചെമ്പുപാളികള്‍ വീണ്ടും സ്വര്‍ണം പൂശിയെന്നും ബാക്കിയായി കൈമാറിയ 474.9 ഗ്രാം സ്വര്‍ണത്തിന്റെ കാര്യം അന്വേഷിക്കണമെന്നുമുള്ള വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ചൂണ്ടിക്കാട്ടി സ്വര്‍ണപ്പാളി വിവാദം അന്വേഷിക്കണമെന്ന് ജസ്റ്റിസുമാരായ രാജാ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
ശബരിമല ദേവസ്വം കമ്മിഷണറെ അറിയിക്കാതെയും ഹൈക്കോടതിയുടെ അനുമതിയില്ലാതെയും ദ്വാരപാലക ശില്പങ്ങളിലെ ചെമ്പുപാളികള്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയ്ക്കു കൊണ്ടുപോയതാണ് വിഷയം കോടതി മുമ്പാകെ എത്താന്‍ കാരണമായത്. തുടര്‍ന്ന്് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ കോടതി വിജിലന്‍സ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. വിജിലന്‍സ് ഓഫീസര്‍ നല്കിയ റിപ്പോര്‍ട്ടിലാണ് 2019ലും സ്വര്‍ണം പൂശാന്‍ ചെന്നൈയ്ക്ക് കൊണ്ടുപോയിരുന്നു എന്ന വിവരം വെളിപ്പെട്ടത്. ഇക്കാര്യം വിശദമായി പരിശോധിച്ച കോടതി, അന്നു കൊണ്ടുപോയ തൂക്കത്തേക്കാള്‍ നാലര കിലോയോളം കുറവാണ് ചെന്നൈയിലെത്തിയത് എന്നു കണ്ടെത്തിയിരുന്നു. 39 ദിവസങ്ങള്‍ക്കു ശേഷമാണ് സന്നിധാനത്തുനിന്ന് ഇവ ചെന്നൈയിലെത്തിച്ചതെന്നും കണ്ടെത്തുകയുണ്ടായി.
