
കല്‍പ്പറ്റ: ആദിവാസി യുവാവ് ഗോകുലിനെ പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്.
സംഭവസമയത്ത് കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. ദീപ, സി.പി.ഒ. ശ്രീജിത്ത് എന്നിവരെയാണ് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്ര സസ്പെന്‍ഡ് ചെയ്തത്. സുരക്ഷ ഉറപ്പാക്കുന്നതില്‍ അനാസ്ഥയുണ്ടായി എന്ന കാരണത്താലാണ് സസ്പെന്ഷന്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് അമ്പലവയല്‍ സ്വദേശിയായ ഗോകുലിനെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കാണാതായ മുട്ടില്‍ സ്വദേശിയായ പെണ്‍കുട്ടിയെയും ഗോകുലിനെയും തിങ്കളാഴ്ച വൈകീട്ടാണ് കോഴിക്കോട്ടുനിന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ സഖിയിലേക്ക് മാറ്റുകയും ഗോകുലിനെ സ്റ്റേഷനില്‍ തന്നെ നിര്‍ത്തുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.45ന് ശുചിമുറിയില്‍ പോയ ഗോകുല്‍ തിരികെ വരാതായതോടെ വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
