ഭൂവനേശ്വർ : കൂട്ടബലാത്സംഗ ശ്രമത്തിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി. 5 പേർ ചേർന്ന് പീഡിപ്പിക്കാൻ ശ്രമം നടത്തിയതിന് പിന്നാലെയാണ് പെൺകുട്ടി കെട്ടിടത്തിൽ നിന്ന് ചാടിയത്. ഒഡീഷയിലെ ജാജ്പൂരിലാണ് സംഭവം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കലും നില ഗുരുതരമാണ്. അതേസമയം പ്രതികളെ കലിംഗനഗർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിൽ താമസിക്കുന്ന പെൺകുട്ടി സഹോദരനൊപ്പം സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ബസിൽ നിന്ന് ഇറങ്ങിയപ്പോൾ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. മഴ നനഞ്ഞുനിന്ന പെൺകുട്ടിയെയും സഹോദരനെയും പ്രതികൾ അടുത്തുളള സ്കൂളിൽ നിൽക്കാമെന്നും മഴ തോർന്നതിന് ശേഷം പോകാമെന്നും പറഞ്ഞ് കൂടെക്കൂട്ടുകയായിരുന്നു.
കെട്ടിടത്തിന്റെ മുകളിലെത്തിയതോടെ അഞ്ചംഗസംഘം പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പ്രതികൾ സഹോദരനെ മർദ്ദിക്കുകയും ചെയ്തു. പീഡനത്തിൽ നിന്ന് രക്ഷപെടാൻ ഓടുന്നതിനിടെ പെൺകുട്ടി താഴേക്ക് ചാടുകയും ചെയ്തു. സഹോദരന്റെ നിലവിളി കേട്ട് നാട്ടുകാർ സ്ഥലത്തെത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ച് പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.