
മനാമ: സമൂഹമാധ്യമം ദുരുപയോഗം ചെയ്ത് അധിക്ഷേപര്‍ഹമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച കുറ്റത്തിന് ബഹ്റൈനില്‍ 17കാരിയെ അറസ്റ്റ് ചെയ്തു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍, ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി പിടിയിലായത്. പെണ്‍കുട്ടി ഒരു വ്യക്തിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തതായും ഒരു ഭിന്നശേഷിക്കാരനെ പ്രലോഭിപ്പിച്ച് മോശമായ സംഭാഷണങ്ങളും ഫോട്ടോകളും സംഘടിപ്പിച്ചു പ്രസിദ്ധപ്പെടുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് നല്കി. പബ്ലിക് പ്രോസിക്യൂഷന് നടത്തിയ വിശദമായ അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
പ്രശസ്തി നേടാനും കൂടുതല്‍ ഫോളോവേഴ്സിനെ ഉണ്ടാക്കാനുമാണ് താന്‍ ഇത് ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി മൊഴി നല്കി. കുറ്റകൃത്യം ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണില്‍നിന്ന് ഡാറ്റകള്‍ ശേഖരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്കി. കൂടുതല്‍ അന്വേഷണം തുടരുകയാണ്.
