
പി.ആർ. സുമേരൻ .
ബ്രിസ്ബെന്. പ്രേക്ഷകരെ കരയിപ്പിച്ചും ചിരിപ്പിച്ചും ക്വീന്‍സ് ലാന്‍ഡിലെ തീയറ്ററുകളില്‍ വിജയഗാഥ രചിച്ച് ഗോസ്റ്റ് പാരഡൈസ് സിനിമ കൂടുതല്‍ തീയറ്ററുകളിലേക്ക്. ക്വീന്‍സ്ലാന്‍ഡില്‍ നിര്‍മിച്ച് പ്രദര്‍ശിപ്പിച്ച ആദ്യ മലയാള സിനിമയെന്നതിന് പുറമെ 26 നവാഗതരെ അണിനിരത്തി നിര്‍മിച്ച സിനിമയെന്ന പ്രത്യേകതയും സ്വന്തമാക്കി ഗോസ്റ്റ് പാരഡൈസ് റിലീസിന് മുന്‍പേ തന്നെ ശ്രദ്ധ നേടിയിരുന്നു.

ബ്രിസ്ബെനിലെ ഗാര്ഡന് സിറ്റിയിലെ ഇവന്റ് സിനിമാസില്‍ നിറഞ്ഞ സദസ്സില്‍ ആയിരുന്നു കഴിഞ്ഞ ദിവസം ആദ്യ പ്രദര്‍ശനം നടന്നത്. മോശം കാലാവസ്ഥയെ അവഗണിച്ച് ക്വീന്‍സ്ലാന്‍ഡിലെ ബ്രിസ്ബെന് ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ നിന്നുള്ള മലയാളികള്‍ സിനിമ കാണാന്‍ എത്തിയിരുന്നു. പുതുമുഖങ്ങളെ സ്ക്രീനില്‍ കണ്ടതോടെ കൈ അടിച്ചും വിസിലടിച്ചുമാണ് പ്രേക്ഷകര്‍ ആഹ്ലാദ പ്രകടനം നടത്തിയത്. 26 പേരും ആദ്യമായാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും ഓരോരുത്തരുടേയും അഭിനയം ഒന്നിനൊന്ന് മെച്ചമായിരുന്നുവെന്ന് പ്രേക്ഷകര്‍ പറയുന്നു. ആദ്യ പ്രദര്‍ശനം കാണാന്‍ ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമായ ജോയ് കെ.മാത്യുവും കുടുംബസമേതം എത്തിയിരുന്നു.

നടനും ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യവുമായ ജോയ് കെ.മാത്യു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. നായക കഥാപാത്രമായി വേഷമിട്ടിരിക്കുന്നതും ജോയ്.കെ.മാത്യു തന്നെയാണ്. ജോയ് കെ.മാത്യുവിന്റെ കീഴില്‍ ചലച്ചിത്ര പരിശീലനം നേടിയവരാണ് സിനിമയിലെ 26 നവാഗത പ്രതിഭകളും. ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ താമസിക്കുന്ന മലയാളികളില്‍ നിന്ന് സിനിമയോടും കലയോടും താല്പര്യമുള്ളവരെ കണ്ടെത്തിയാണ് പരിശീലനം നല്‍കിയത്.

അപ്രതീക്ഷിതമായി ഒരാളുടെ കടന്ന് വരവോടെ ഒരു കുടുംബത്തിന്റെ സമാധാനം നഷ്ടപ്പെടുന്നതും ആ വ്യക്തിയെ ഒഴിവാക്കാനുള്ള കുടുംബാംഗങ്ങളുടെ ശ്രമങ്ങളും അതേ തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. രസകരവും വ്യത്യസ്തവുമായ ജീവിതാനുഭവങ്ങളും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളുമായി പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവമാണ് ഗോസ്റ്റ് പാരഡൈസ് എന്ന സിനിമ സമ്മാനിക്കുന്നത്.

ഹൃദയസ്പര്‍ശിയായ സിനിമയെന്ന നിലയില്‍ ആദ്യ പ്രദര്‍ശനത്തോടെ തന്നെ ഗോസ്റ്റ് പാരഡൈസ് ക്വീന്‍സ് ലാന്‍ഡിലെ മലയാളികളുടെ മനസ്സില്‍ ഇടം നേടി കഴിഞ്ഞു.ഡിസംബര്‍ 2-ന് ഗോള്‍ഡ് കോസ്റ്റിലും നിറഞ്ഞ സദസ്സിൽ പ്രദർശനം നടന്നു. വരും ദിവസങ്ങളില്‍ ബ്രിസ്ബെന് സിറ്റി, ബണ്ടബര്‍ഗ്, സണ്‍ഷൈന്‍ കോസ്റ്റ് തുടങ്ങി വിവിധ തീയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് നിര്‍മാതാവ് കൂടിയായ ജോയ് കെ.മാത്യു പറഞ്ഞു. ജോയ് കെ.മാത്യുവിന്റെ ഗ്ലോബല്‍ മലയാളം സിനിമയുടെ ബാനറില്‍ ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ചിത്രം പുറത്തിറക്കിയത്.
കേരളത്തിലും ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ ജോയ് കെ.മാത്യുവിനെ കൂടാതെ മലയാളികളുടെ ഇഷ്ട താരങ്ങളായ കൈലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, മോളി കണ്ണമ്മാലി, ലീലാകൃഷ്ണന്, അംബിക മോഹന്‍,പൗളി വല്സന്, കുളപ്പുള്ളി ലീല,ടാസോ,അലന എന്നിവരും മുഖ്യ വേഷങ്ങളിലുണ്ട്.

ആദ്യ പ്രദര്‍ശനത്തോട് അനുബന്ധിച്ച് ഇവന്റ് സിനിമാസില്‍ നടന്ന ചടങ്ങില്‍ ഹോളിവുഡ് ഫിലിം ഡയറക്ടര്‍ അലന്, നടി അലന, ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാളി അസോസിയേഷന്റെ സ്ഥാപക അംഗങ്ങളില്‍ പ്രധാനിയും സെന്റ്.സ്റ്റീഫന്‍ കാതോലിക് ചര്‍ച്ച് വികാരിയുമായ ഫാ.തോമസ് അരീക്കുഴി, സെന്റ്.തോമസ് സിറോ മലബാര്‍ ചര്‍ച്ച് ബ്രിസ്ബെന് വികാരി ഫാ.എബ്രഹാം നാടുകുന്നേല്‍, ഫെഡറേഷന് ഓഫ് ഇന്ത്യന്‍ കമ്മ്യൂണിറ്റീസ് ഓഫ് ക്വീന്സ്ലാന്ഡ് പ്രസിഡന്റ് പ്രീതി സുരാജ്, ബ്രിസ്ബേന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി സഹ വികാരി ഫാ.റോബിന് ഡാനിയേല്‍, ബ്രിസ്ബെന് മലയാളി അസോസിയേഷന് വൈസ് പ്രസിഡന്റ് റജി ചാക്കോ, സംസ്കൃതി ബ്രിസ്ബെന് പ്രസിഡന്റ് ശ്രീജിത് പിള്ള, നടനും ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന് പ്രസിഡന്റുമായ സാജു സി.പി, മലയാളി അസോസിയേഷന് ഓഫ് ക്വീന്സ്ലാന്ഡ് പ്രസിഡന്റ് നീതു ബിജോര്‍, സണ്‍ഷൈന്‍ കോസ്റ്റ് മലയാളി അസോസിയേഷന് സെക്രട്ടറി അനൂപ് വര്‍ഗീസ്, കൈരളി ബ്രിസ്ബെന് സെക്രട്ടറി ജിജോ കുമ്പിക്കാല്‍ ജോര്‍ജ്, നവരസ സണ്‍ഷൈന്‍ കോസ്റ്റ് പ്രതിനിധി ദിലീപ് പട്ടായത്ത്, സണ്‍ഷൈന്‍ കോസ്റ്റ് കേരള അസോസിയേഷന് പ്രസിഡന്റ് പ്രജില്‍ തോമസ്, 26 പുതുമുഖങ്ങളുടെ പ്രതിനിധിയും നടനുമായ അഡ്വ.ഷാമോന്, നടനും വേള്‍ഡ് മലയാളി കൗണ്‍സില്‍ ബ്രിസ്ബെന് ചാപ്റ്റര്‍ ചെയര്‍മാനുമായ ഷാജി തേക്കനത്ത്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ബ്രിസബെന്‍ ചാപ്റ്റര്‍ സെക്രട്ടറി ജിജോ, വേള്‍ഡ് മലയാളി ഫെഡറേഷന് നാഷനല്‍ കോ-ഓര്‍ഡിനേറ്റര്‍ ജിമ്മി അരിക്കാട്, സിഎസ്ഐ ചര്‍ച്ച് സെക്രട്ടറി അബിന്‍ ഫിലിപ്പ്, മെന്‍സ് ഗ്രൂപ്പ് ഗോള്‍ഡ് കോസ്റ്റ് പ്രസിഡന്റ് ബിനോയ് തോമസ്,സ്വര്‍ഗം ചലച്ചിത്ര നിര്‍മ്മാതാവ് രഞ്ജിത് ജോണ്‍,നോര്‍ത്ത് ബ്രിസ്ബെന് മലയാളി അസോസിയേഷന് എക്സിക്യൂട്ടീവ് അംഗം ഫിലിപ്പ് മാണി എന്നിവര്‍ പ്രസംഗിച്ചു.


