
അഹമ്മദാബാദ്: അഹമ്മദാബാദില്‍ നടന്ന അന്താരാഷ്ട്ര പട്ടംപറത്തല്‍ മഹോത്സവം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടര്‍ന്ന് അദ്ദേഹം ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രിഡ്രിച് മെര്‍സിനൊപ്പം പട്ടം പറത്തുകയും ചെയ്തു.
സബര്‍മതിയിലെ മഹാത്മഗാന്ധി ആശ്രമത്തില്‍ അഞ്ജലി അര്‍പ്പിച്ച ശേഷമാണ് മോദിയും ചാന്‍സലറും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പട്ടം പറത്തല്‍ ചടങ്ങിനെത്തിയത്. അവിടെ വച്ച് ഇരുവരും പട്ടം നിര്‍മിക്കുന്ന കലാകാരികളുമായി സംസാരിക്കുകയും അതിന്റെ നിര്‍മാണ രീതികള്‍ ചോദിച്ച് മനസിലാക്കുകയും ചെയ്തു.ഉദ്ഘാടനത്തിന് ശേഷം ഇരു നേതാക്കളും തുറന്ന വാഹനത്തില്‍ ഗ്രൗണ്ടിലൂടെ സഞ്ചരിക്കുകയും പട്ടം പറത്തുകയുമായിരുന്നു.
50 രാജ്യങ്ങളില്‍ നിന്നുള്ള 135 പട്ടം പറത്തല്‍ വിദഗ്ധരും ആയിരത്തോളം ഇന്ത്യയില്‍ നിന്നുള്ള പട്ടം പറത്തല്‍ കലാകാരന്മാരും മത്സരത്തില്‍ പങ്കെടുക്കുന്നതായി ഗുജറാത്ത് ടൂറിസം വകുപ്പ് അറിയിച്ചു. മകരസംക്രാന്തിയുടെ ഭാഗമായി നടക്കുന്ന പട്ടം പറത്തല്‍ ആഘോഷങ്ങള്‍ ജനുവരി 14 വരെ തുടരും. കഴിഞ്ഞതവണ വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമായി നാലുലക്ഷത്തോളം ആളുകളാണ് അഹമ്മദാബാദിലെ പട്ടംപറത്തല്‍ മഹോത്സവം കാണാന്‍ എത്തിയത്. ‘അന്താരാഷ്ട്ര പട്ടം മഹോത്സവത്തിലൂടെ’ ധോളവീര, ഏകതാ പ്രതിമ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഗുജറാത്ത് ടൂറിസം വകുപ്പ് ശ്രമിക്കുന്നുണ്ട്.


