
മനാമ: വനിതാ കാര്യങ്ങള്‍ക്കായുള്ള ജി.സി.സി. സ്ഥിരം സമിതിയുടെയുടെ രണ്ടാമത്തെ യോഗം ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ.്സി.ഡബ്ല്യു) ആസ്ഥാനത്ത് ചേര്‍ന്നു. യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഉന്നതതല പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
എസ്.സി.ഡബ്ല്യു. ആക്ടിംഗ് സെക്രട്ടറി ജനറല്‍ ലുല്‍വ അല്‍ അവാദി പ്രതിനിധികളെ സ്വാഗതം ചെയ്തു. ബഹ്റൈന്‍ രാജാവിന്റെ ഭാര്യയും എസ്.സി.ഡബ്ല്യു. പ്രസിഡന്റുമായ സബീക്ക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരിയുടെ ആശംസകളും യോഗത്തിന്റെ വിജയത്തിന് അവരുടെ ആശംസകളും ലുല്‍വ അല്‍ അവാദി അറിയിച്ചു. സ്ത്രീകളെ ശാക്തീകരിക്കാനും മേഖലയിലുടനീളമുള്ള അവരുടെ നേതൃത്വവും സംഭാവനകളും വര്‍ദ്ധിപ്പിക്കാനുമുള്ള ജി.സി.സി. ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതില്‍ കമ്മിറ്റിക്ക് വലിയ പങ്കുണ്ടെന്ന് അവര്‍ പറഞ്ഞു. ദേശീയ വികസനം മുന്നോട്ടു കൊണ്ടുപോകുന്നതിലും മേഖലയുടെ സമഗ്ര പുരോഗതിയില്‍ സജീവ പങ്കാളികളാകുന്നതിലും ഗള്‍ഫ് വനിതകള്‍ കൈവരിച്ച പുരോഗതി അവര്‍ ചൂണ്ടിക്കാട്ടി.
കുവൈത്തിലെ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്സ് സെക്രട്ടറി ജനറല്‍ ഇമാന് അല്‍ എന്‍സി യോഗത്തിന് ആതിഥേയത്വം വഹിച്ചതിന് സബീക്ക ബിന്ത് ഇബ്രാഹിം രാജകുമാരിയെ അഭിനന്ദിച്ചു.
2023 സെപ്റ്റംബറില്‍ അംഗീകരിച്ച 2024- 2030 ഗള്‍ഫ് സംയുക്ത പ്രവര്‍ത്തന തന്ത്രത്തെക്കുറിച്ചുള്ള ജി.സി.സി. മന്ത്രിതല സമിതിയുടെ തീരുമാനം യോഗം അവലോകനം ചെയ്തു.
