
മനാമ: ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജി.സി.സി) ചരിത്ര, പുരാവസ്തു ഗള്‍ഫ് സൊസൈറ്റിയുടെ 24ാമത് സയന്റിഫിക് ഫോറം ബഹ്റൈനില്‍ ആരംഭിച്ചു. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ മേഖലയിലെ ചരിത്രത്തിലും പുരാവസ്തുശാസ്ത്രത്തിലും വൈദഗ്ദ്ധ്യം നേടിയ ഗവേഷകരും അക്കാദമിക് വിദഗ്ധരും പങ്കെടുക്കുന്നുണ്ട്.
ഗള്‍ഫ് ചരിത്രകാരന്മാരും ഗവേഷകരും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ഫോറത്തിന് വലിയ പങ്കുണ്ടെന്ന് പ്രിപ്പറേറ്ററി കമ്മിറ്റി ചെയര്മാന് ഡോ. അലി മന്‍സൂര്‍ അല്‍ ഷെഹാബ് പറഞ്ഞു. അറബ് മേഖലയുടെ കൂട്ടായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള സൊസൈറ്റിയുടെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
അംഗരാജ്യങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയായ ആശയവിനിമയത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് സൊസൈറ്റി പ്രസിഡന്റ് ഡോ. യൂസഫ് അല്‍ അബ്ദുല്ല പറഞ്ഞു.
