
ദില്ലി: ഗാസയിൽ യുദ്ധം അവസാനിച്ചു. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിൽ സമാധാന കരാര്‍ ഒപ്പുവെച്ചതോടെയാണ് യുദ്ധം അവസാനിച്ചിരിക്കുന്നത്. ഉച്ചകോടിയിൽ നിന്ന് നെതന്യാഹു അവസാന നിമിഷം പിന്മാറി എന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് യുദ്ധം അവസാനിച്ചത് ഇസ്രയേൽ പാർലമെന്റായ കനെസ്സറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഹമാസ് തടവിൽ ജിവനോടെ ഉണ്ടായിരുന്ന മുഴുവൻ ബന്ദികളും തിരികെയെത്തി. 20 പേരെ ഇന്ന് ഹമാസ് കൈമാറി. ഇസ്രയേൽ മോചിപ്പിച്ച 1700ലധികം പലസ്തീനി തടവുകാരുടെ കൈമാറ്റം തുടരുകയാണ്.
അവശിഷ്ടങ്ങളല്ലാതെ മറ്റൊന്നും ബാക്കിയില്ലാത്ത മണ്ണിലേക്ക് കൂട്ടത്തോടെ മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ് ഗാസൻ ജനത. തെരച്ചിലിൽ കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്ന 135 മൃതദേഹങ്ങൾ ഇതിനോടകം പുറത്തെടുത്തു. തിരിച്ചെത്തിയവർക്ക് തങ്ങാൻ ടെന്റുകൾ പോലുമില്ലാത്ത സ്ഥിതിയാണ്. വെടിയുണ്ടകൾക്കൊപ്പം ബുൾഡോസറുകൾ കൊണ്ട് കൂടിയാണ് ഇസ്രയേൽ യുദ്ധം ചെയ്തത്. ബോംബുകളിട്ട് തകർത്ത കെട്ടിടങ്ങൾ ഓരോന്നും ബുൾഡോസറുകളെത്തി നിരപ്പാക്കി. ഒടുവിൽ വെടിയൊച്ചകളും ബുൾഡോസറകളും പിൻവാങ്ങിയിരിക്കുന്നു. ഗാസൻ ജനത അവരുറങ്ങിയ മണ്ണിലേക്ക് തിരികെ എത്തുകയാണ്. വീട്ടിൽ കയറി താമസം തുടരാനുള്ള ആഗ്രഹം കൊണ്ടു മാത്രമല്ല ഒന്നും ബാക്കിയില്ലാതിരുന്നിട്ടും ഇവർ മടങ്ങി എത്തിയിരിക്കുന്നത്. മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നറിയാതെ 11,200 പരെയാണ് ഗാസയിൽ കാണാനില്ലാത്തത്. അവരെ തെരയാൻ കൂടിയാണ് . അവർക്ക് മാന്യമായ അന്ത്യവിശ്രമം ഉറപ്പാക്കണം എന്നതുകൊണ്ടു കൂടിയാണ്. തകർന്ന കെട്ടിടങ്ങളിലെ തെരച്ചിലിൽ കഴിഞ്ഞ ദിവസങ്ങളില്‍ 135 മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിയിൽ നിന്ന് കണ്ടെടുത്തു. ഭക്ഷണത്തിന് കാത്തുനിന്നവരെ വെടിവെച്ച ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ വിതരണ കേന്ദ്ര ശൂന്യമായി. 2600 ഓളം പേരാണ് ഭക്ഷണത്തിനായി കാത്തുനിൽക്കവേ കൊല്ലപ്പെട്ടത്. ഇതിൽ രണ്ടായിരത്തോളം മരണം ഈ കേന്ദ്രത്തോട് ചേർന്നാണ്.
ഗാസയിലെ സമാധാന നീക്കം ചർച്ച ചെയ്യാൻ അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തുന്ന ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യസഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ആണ് പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശനിയാഴ്ച പ്രസിഡൻറ് ഡോണൾഡ് ട്രംപും ഈജിപ്ത് പ്രസിഡൻറ് അബ്ദെൽ ഫത്ത അൽസിസിയും ഉച്ചകോടിക്ക് ക്ഷണം നല്‍കിയിരുന്നു. എന്നാൽ പാാകിസ്ഥാനും ക്ഷണം നല്കിയ സാഹചര്യത്തിലാണ് നരേന്ദ്ര മോദി പങ്കെടുക്കേണ്ട എന്ന് നിശ്ചയിച്ചതെന്നാണ് സൂചന. ട്രംപിനെയും ബഞ്ചമിൻ നെതന്യാഹുവിനെയും ടെലിഫോണിൽ വിളിച്ച് നരേന്ദ്ര മോദി ഗാസ സമാധാന നീക്കത്തിൽ ഇന്ത്യയുടെ ഐക്യദാർഢ്യം അറിയിച്ചിരുന്നു.
