
മനാമ: ബഹ്റൈനിലെ മുഹറഖിലെ സാമ ബേ പ്രൊമനേഡില്‍ സൂപ്പര്‍മൂണ്‍ ദര്‍ശിക്കാനും ഫോട്ടോയെടുക്കാനുമായി പ്രമുഖ ജ്യോതിശാസ്ത്രജ്ഞന്‍ മുഹമ്മദ് റെദ അല്‍ അസ്ഫൂറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രത്യേക സായാഹ്ന പരിപാടിയില്‍ നിരവധി ആളുകളെത്തി.
ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി അഫയേഴ്സ് ഉപദേഷ്ടാവ് അലി അബ്ദുല്‍ ഹുസൈന് അല്‍ അസ്ഫറിന്റെയും ബ്രിഗേഡിയര്‍ അബ്ദുല്ല അലി റാഷിദ് മാന്തറിന്റെയും സാന്നിധ്യത്തിലായിരുന്നു പരിപാടി. ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന് അതോറിറ്റി, ഫ്യൂജി ഫിലിം ബഹ്റൈന്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
നൂതന ഫോട്ടോഗ്രാഫിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് സൂപ്പര്‍മൂണിന്റെ ഫോട്ടോ എടുക്കാന്‍ വിദഗ്ദ്ധര്‍ മാര്‍ഗനിര്‍ദേശം നല്കി. കൂടാതെ പ്രത്യേകം സജ്ജീകരിച്ച ദൂരദര്‍ശിനികള്‍ വഴി ആളുകള്‍ സൂപ്പര്‍മൂണ്‍ ദര്‍ശിക്കുകയും ചെയ്തു.


