
മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ ഏഷ്യക്കാരായ മൂന്ന് പുരുഷന്മാരുടെ വിചാരണ ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.
മൂന്നാം പ്രതിയെ കേസ് അറിയിക്കാനും രണ്ടാം പ്രതിക്കു വേണ്ടി അഭിഭാഷകനെ നിയമിക്കാനും ഒന്നാം പ്രതിയുടെ അഭിഭാഷകന് കേസ് പഠിക്കാനും കോടതി സെപ്റ്റംബര്‍ 9 വരെ സമയം അനുവദിച്ചു. 23, 26, 30 വയസുള്ള പ്രതികള്‍ രാജ്യത്തേക്ക് കഞ്ചാവ് കടത്തി എന്നാണ് കേസ്.
വിമാനത്താവളം വഴി വിദേശത്തുനിന്ന് വരുന്ന ഒരു പാര്‍സലില്‍ സംശയം തോന്നി ഒരു സ്നിഫര്‍ നായയുടെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് 0.95 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. കേസ് അന്വേഷണത്തിനായി ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആന്റി നാര്‍ക്കോട്ടിക് ഡയരക്ടറേറ്റിന് കൈമാറി. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
