തമിഴ്നാട്ടിൽ മന്ത്രിയുടെ പി.എയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി അജ്ഞാത സംഘം. തിരുപ്പൂരിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഉടുമലൈ കെ രാധാകൃഷ്ണന്റെ പി.എ കര്‍ണനെയാണ് ഒരു സംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഉദുമല്‍പേട്ടയിലെ ഓഫീസില്‍ നിന്നാണ് മന്ത്രിയുടെ പിഎ രാധാകൃഷ്ണനെ തട്ടിക്കൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓഫീസിന്റെ മുന്നില്‍ ഒരു കാര്‍ വന്നു നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു സംഘം ആളുകള്‍ കാറില്‍ നിന്ന് ഇറങ്ങി ഓഫീസിലേക്ക് കയറിപ്പോയി കര്‍ണനെ ബലമായി പിടിച്ചുകൊണ്ടുപോയി കാറില്‍ കയറ്റി വാഹനം മുന്നോട്ടുപോകുകയാണ് ചെയ്തത്.


