
കോഴിക്കോട്: സിപിഎം കമ്മിറ്റികളില്‍ പ്രായപരിധി മാനദണ്ഡം എടുത്തുകളയുന്നതാണ് ഭംഗിയെന്ന് ജി. സുധാകരന്. പ്രായപരിധി കമ്യൂണിസ്റ്റ് രീതിയല്ലെന്ന് വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ടെന്നും അതിനാല്‍ പ്രായപരിധിയില്‍ ഇളവ് നല്‍കുന്നതിന് പകരം പ്രായപരിധി എടുത്തുകളയുന്നതാണ് ഭംഗി എന്ന് തോന്നുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ നടന്നുകൊണ്ടിരിക്കെയാണ് ജി. സുധാകരന് പ്രായപരിധി മാനദണ്ഡം എടുത്തുകളയുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.
പ്രായപരിധിയുടെ പേരില്‍ മൂന്നുവര്‍ഷം മുമ്പ് സംസ്ഥാന സമിതിയില്‍ നിന്നും ജില്ലാ കമ്മിറ്റി ബ്രാഞ്ചിലേക്ക് വന്നു. ഇപ്പോള്‍ അവിടെ സജീവമായി പ്രവര്‍ത്തിച്ചു വരികയാണ്. തിരുവനന്തപുരം മുതല്‍ വടകര വരെ ധാരാളം പൊതു പരിപാടികളില്‍ സംബന്ധിക്കാന്‍ ക്ഷണം കിട്ടുകയും പങ്കെടുക്കുകയും ചെയ്തു. സാധാരണ പാര്‍ട്ടി സഖാക്കള്‍ക്കും ഇടതുപക്ഷക്കാര്‍ക്കും പൊതു സമൂഹത്തിനും എന്നെ മടുത്തിട്ടില്ല എന്നാണ് ഇതു തെളിയിക്കുന്നത്.
ഇപ്പോള്‍ പ്രായപരിധി കമ്മ്യൂണിസ്റ്റ് രീതി അല്ല എന്ന വ്യാപകമായ ആക്ഷേപം ഉയരുന്നു. സ. പിണറായിക്ക് ഇനിയും ഇളവ് നല്‍കേണ്ട സാഹചര്യം ആണെന്ന് വിലയിരുത്തുന്നു. സ. എ കെ ബാലനും സ. ടി പി രാമകൃഷ്ണനും, സ. ഇ പി ജയരാജനും, സ. വൃന്ദ കാരാട്ടിനും, സ. മണിക് സര്‍ക്കാരിനും മറ്റ് പലര്‍ക്കും ഇളവ് നല്‍കുന്നതിന് പകരം പ്രായപരിധി എടുത്തുകളയുന്നതാണ് ഭംഗി എന്നു തോന്നുന്നതില്‍ തെറ്റില്ല.
