
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. നേതാവ് ജി. സുധാകരന്. എല്ലാത്തിലും ഒന്നാമതാണെന്നാണ് നമ്മള് പറഞ്ഞുനടക്കുന്നതെന്നും ആദ്യം ഈ സ്വയം പുകഴ്ത്തല്‍ നിര്‍ത്തണമെന്നും എല്ലാത്തിലും ഒന്നാമതായ നമ്മള് ലഹരിയിലും ഒന്നാമതാണെന്നും സുധാകരന് പറഞ്ഞു.
ആലപ്പുഴയില്‍ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് റെഡ്ക്രോസ് സൊസൈറ്റിയും ഹെല്‍ത്ത് ഫോര്‍ ഓള് ഫൗണ്ടേഷനും നടത്തിയ ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സുധാകരന്റെ പരാമര്‍ശങ്ങള്‍.
ഇവിടുത്തെ സ്ഥിതി എന്താണ്? പരീക്ഷകളെ സംബന്ധിച്ച് വ്യക്തതയില്ല. ഉത്തരക്കടലാസുകള്‍ കാണാതെപോകുന്നു. എം.ബി.എ. ഉത്തരക്കടലാസുകള്‍ സ്കൂട്ടറിലാണ് കൊണ്ടുപോകുന്നത്. കൃത്യവിലോപം തെളിഞ്ഞിട്ടും അദ്ധ്യാപകര്‍ക്കെതിരെ നടപടിയില്ല. ഒരു വിദ്യാര്‍ത്ഥി സംഘടനയും ഇതിനെതിരെ മിണ്ടുന്നില്ല. പരീക്ഷയ്ക്കൊന്നും ഒരു വ്യവസ്ഥയുമില്ലാത്ത സ്ഥിതിയിലാണ് കാര്യങ്ങള്‍.
വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം സംബന്ധിച്ചും രൂക്ഷ ഭാഷയിലായിരുന്നു വിമര്‍ശനം. ഏതുതരം ലഹരിയും ഇവിടെ കിട്ടുമെന്നതാണ് അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. എം.എല്‍.എയുടെ മകന്റെ കാര്യത്തില്‍ താന്‍ സജി ചെറിയാനെതിരെ സംസാരിച്ചുവെന്ന വാര്‍ത്ത വന്നു. എം.എല്‍.എയുടെ മകനെ ആശ്വസിപ്പിക്കാന്‍ പോയ ആളാണ് ഞാന്‍. അവനെ തനിക്കറിയാം. ലഹരിയൊന്നും ഉപയോഗിക്കാത്ത ആളാണ്.
ആരോഗ്യ മേഖലയില്‍ നമ്പര്‍ വണ്‍ എന്നു മാത്രം പറഞ്ഞുനടന്നിട്ട് കാര്യമില്ല. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകൊണ്ട് സാധാരണക്കാരന് ഒരു കാര്യവുമില്ല. വീണാ ജോര്‍ജ് 5 വര്‍ഷത്തേക്കു മന്ത്രിയായ ആളാണ്. അതിനു മുമ്പും ആരോഗ്യ വകുപ്പ് ഇവിടെയുണ്ടായിരുന്നെന്നും സുധാകരന് പറഞ്ഞു.
ആലപ്പുഴയിലെ സ്ഥാപനങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് വ്യവസായ വകുപ്പിനെതിരെ വിമര്‍ശനമുന്നയിച്ചത്. ടി.വി. തോമസിന്റെ കാലത്തിനുശേഷം ആലപ്പുഴയില്‍ വല്ല വ്യവസായവും വന്നോ എന്ന് സുധാകരന് ചോദിച്ചു.
