ന്യൂഡല്‍ഹി: ജാപ്പനീസ് വിദേശകാര്യ മന്ത്രി യോഷിമാസാ ഹയാഷി ഇന്ത്യയിൽ നടക്കുന്ന ജി -20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. പാർലമെന്റ് നടപടികളിൽ പങ്കെടുക്കേണ്ടതിനാലാണിതെന്നാണ് ഔദ്യോഗിക വിശദീകരണം.
ബുധനാഴ്ച ആരംഭിക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ ജപ്പാൻ വിദേശകാര്യ സഹമന്ത്രിയെ അയച്ചേക്കും. ചൈനയുടെ ഏകപക്ഷീയമായ നിലപാടിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ വിഷയങ്ങളിൽ ഉൾപ്പെടെ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ ജപ്പാൻ ശ്രമിക്കുന്ന സമയത്താണ് ഈ നീക്കം.
മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ടോക്കിയോയിലെത്തിയിരുന്നു. കൂടാതെ ചർച്ചകളിലും പങ്കെടുത്തിരുന്നു.