
മനാമ: ബഹ്റൈന്‍ സിവില്‍ ജുഡീഷ്യറിയില്‍ ജുഡീഷ്യല്‍ ആന്റ് ലീഗല്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഫ്യൂച്ചര്‍ ജഡ്ജീസ് പ്രോഗ്രാം സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനും കോര്‍ട്ട് ഓഫ് കാസേഷന്‍ പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ അലി ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
ജുഡീഷ്യല്‍ തസ്തികകളിലേക്ക് യുവ ദേശീയ പ്രതിഭകളെ തിരിച്ചറിയാനും പരിശീലിപ്പിക്കാനുമുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഈ പരിപാടി. അതുവഴി തുല്യ അവസരം, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ്, ബഹ്റൈനില്‍ നീതിയുടെയും നിയമവാഴ്ചയുടെയും തത്ത്വങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നിവ പ്രോത്സാഹിപ്പിക്കപ്പെടുകയാണ് ലക്ഷ്യം.
ജഡ്ജിമാരുടെ ശാസ്ത്രീയവും പ്രൊഫഷണലുമായ തിരഞ്ഞെടുപ്പിലെ മികച്ച രീതികള്‍ ഈ പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു. സുസ്ഥിരമായ ജുഡീഷ്യല്‍ വികസനം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഈ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നത് പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജുഡീഷ്യല്‍ പുരോഗതി പ്രക്രിയയില്‍ ഈ പരിപാടി ഒരു നിര്‍ണായക നാഴികക്കല്ലാണെന്ന് ജുഡീഷ്യല്‍ ആന്റ് ലീഗല്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. ഖാലിദ് സെറി സേയം പറഞ്ഞു. ആധുനിക പഠനരീതികളിലൂടെയും വസ്തുനിഷ്ഠമായ വിലയിരുത്തല്‍ സംവിധാനങ്ങളിലൂടെയും പങ്കെടുക്കുന്നവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഇന്‍സ്റ്റിറ്റ്യൂട്ട് നിയമപരവും നടപടിക്രമപരവുമായ വികസനങ്ങളുമായി പൊരുത്തപ്പെടുന്ന നൂതന പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യല്‍ ആന്റ് ലീഗല്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ഡോ. റിയാദ് സെയാദി പ്രോഗ്രാമിന്റെ അവലോകനം നടത്തി.
