തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ വീണ്ടും ഇന്ധനക്ഷാമം. തിരുവനന്തപുരത്ത് എസ്എപി ക്യാമ്പിലെ പമ്പിൽ ഡീസൽ തീർന്നു. പ്രസിഡന്റ് സന്ദർശനത്തിന്റെ ഭാഗമായ ട്രയൽ റണ്ണിന് മാത്രമാണ് ഇന്ന് രാവിലെ ഇന്ധനം നൽകിയത്. എണ്ണക്കമ്പനിക്ക് കുടിശ്ശികയുള്ളതിനാലാണ് ഡീസൽ വിതരണം നിർത്തിവച്ചതെന്നാണ് വിവരം.
പ്രസിഡന്റ് ദ്രൗപദി മുർമുവിന്റെ സന്ദർശന വേളയിൽ പട്രോളിംഗ് നടത്താൻ പോലും വാഹനങ്ങളിൽ ഇന്ധനമില്ലാത്ത അവസ്ഥയാണ്. തിരുവനന്തപുരം ജില്ലയിലെ പൊലീസ് വാഹനങ്ങളാണ് പ്രതിസന്ധി നേരിടുന്നത്.
അതേസമയം, സംസ്ഥാനത്ത് പൊലീസ് സേനയ്ക്കായി പുതുതായി വാങ്ങിയ 315 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. തൈക്കാട് പൊലീസ് ഗ്രൗണ്ടിലായിരുന്നു ഫ്ളാഗ് ഓഫ് ചടങ്ങ്. പൊലീസ് സ്റ്റേഷനുകൾ, കൺട്രോൾ റൂമുകൾ, സ്പെഷ്യൽ യൂണിറ്റുകൾ എന്നിവിടങ്ങളിലേക്കാണ് പുതിയ വാഹനങ്ങൾ. ഡി.ജി.പിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.