മനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്ക്ൾ മനാമ, മുഹറഖ് ഏരിയകളും ദാറുൽ ഈമാൻ കേരള മനാമ മദ്രസയും സംയുക്തമായി ഖുർആൻ ടോക്കും പി.ടി.എ മീറ്റിങ്ങും സംഘടിപ്പിച്ചു. ഇസ്ലാമിന്റെ വിട്ടുവീഴ്ചയില്ലാത്ത മൗലിക തത്വമാണ് ഏകദൈവത്വം എന്ന് മുഖ്യപ്രഭാഷണം നടത്തിയ യുവ പണ്ഡിതനും വാഗ്മിയുമായ യൂനുസ് സലീം അഭിപ്രായപ്പെട്ടു. “അല്ലാഹുവിനു തുല്യം അല്ലാഹു മാത്രം” എന്ന വിഷയത്തിൽ “ഖുർആൻ ടോക്ക്” നടത്തുകയായിരുന്നു അദ്ദേഹം. ഏകദൈവ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളാണ് പ്രാർഥനകളും സഹായാഭ്യർഥനയും അല്ലാഹുവോട് മാത്രമായിരിക്കണം എന്നത്. വിശ്വാസികളുടെ പ്രാർഥനകൾ മധ്യവർത്തികളില്ലാതെ അവനു കേൾക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്രസ പ്രിൻസിപ്പൽ സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ച പരിപാടിയിൽ മനാമ കാംപസ് വൈസ് പ്രിൻസിപ്പൽ ജാസിർ പി.പി സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റർ എ.എം ഷാനവാസ് മദ്രസയെകുറിച്ചും ആസന്നമായ അർധവാർഷിക പരീക്ഷയെ സംബന്ധിച്ചും വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് റഫീഖ് അബ്ദുല്ല, എം.ടി.എ പ്രസിഡന്റ് സബീന ഖാദർ എന്നിവർ ആശംസകൾ നേർന്നു. രക്ഷിതാക്കളുടെ അന്വേഷണങ്ങൾക്ക് സ്ഥാപനാധികാരികൾ മറുപടി നൽകി. പി.ടി.എ സെക്രട്ടറി ഫാഹിസ ടീച്ചർ നന്ദി പറഞ്ഞു. തഹിയ ഫാറൂഖിൻ്റെ തിലാവത്തോടെ ആരംഭിച്ച പരിപാടിയിൽ മെഹന്ന ഖദീജ ഗാനമാലപിച്ചു.
