മനാമ: സാമൂഹിക മാറ്റങ്ങളിലെ നന്മ തിന്മകളെ അവധാനതയോടെ സമീപിക്കുകയും ധാർമിക മൂല്യങ്ങൾ മുറുകെ പിടിച്ച് കുടുംബം എന്ന സാമൂഹിക സംവിധാനത്തെ കെട്ടുറപ്പുള്ളതാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അധ്യക്ഷ്യൻ പി. മുജീബ് റഹ്മാൻ പറഞ്ഞു.
ഫ്രൻഡ് സ്റ്റഡി സർക്ക്ൾ മനാമ കെ സിറ്റിയിൽ സംഘടിപ്പിച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബിന്റെ തണലിൽ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ കേരളീയ സമൂഹത്തിൽ കുടുംബ സംവിധാനം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികൾ ഏറെ സങ്കീർണമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. സ്ത്രീയും പുരുഷനും വീടിന്റെയും മക്കളുടെയും പരിപാലകരാണ്. ഉത്തരവദിത്വങ്ങൾ നീതിപൂർവം നിർവഹിക്കുവാൻ ഇണകൾ ഒരുപോലെ ബാധ്യസ്ഥരാണ്. മക്കളിലുണ്ടാകുന്ന നിഷേധാത്മകമായ സമീപനങ്ങളുടെ കാരണക്കാർ ഒരളവ് വരെ രക്ഷിതാക്കൾ തന്നെയാണ്. മാതാപിതാക്കളിൽ നിന്നാണ് മക്കളുടെ സ്വഭാവരൂപീകരണവും വ്യക്തിത്വ രൂപീകരണവും ഉണ്ടാവുന്നത്. വീടകങ്ങൾ സമാധാനവും സന്തോഷവും നിറഞ്ഞതാക്കാൻ കുടുംബത്തിലെ ഓരോ അംഗങ്ങളും മുൻകൈ എടുക്കേണ്ടതുണ്ട്.
കുടുംബാംഗങ്ങൾ പരസ്പരം താങ്ങും തണലുമാവേണ്ടവരാണ്. ജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങളിൽ മക്കൾക്ക് ചെന്നെത്താവുന്ന ആശ്വാസതീരങ്ങളാവണം മാതാപിതാക്കൾ. പരസ്പരം പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ അംഗങ്ങൾക്ക് കുടുംബം എന്നത് സമാധാനവും സുരക്ഷിതത്വവും ലഭിക്കുന്ന ഇടമായി അനുഭവപ്പെടും. വിശ്വാസത്തിന്റെയും ധാർമികതയുടെയും പിൻബലത്തിലും കരുത്തിലുമാണ് കുടുംബങ്ങൾക്ക് പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കുക.
ആധുനിക ലോകത്ത് കുടുംബ ബന്ധങ്ങൾ നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങൾ, നവ ലിബറലിസം, ഉദാരലൈംഗികത, നിയമ രഹിതമായ വ്യക്തിവാദങ്ങൾ, ഫെമിനിസം തുടങ്ങിയവ കുടുംബബന്ധങ്ങളെ ദുർബലമാക്കാൻ ഇടയാകുന്നു. എന്നാൽ ഇസ്ലാമിക ദർശനം കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്താനും കൂടുതൽ പശിമയുള്ളതാക്കാനുമുള്ള മാർഗങ്ങളാണ് മുന്നോട്ടു വെക്കുന്നത്. വിശ്വാസം മുറുകെ പിടിച്ചു പ്രപഞ്ചനാഥനോട് അടുക്കുവാൻ വിശ്വാസികൾ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അജ്മൽ ശറഫുദ്ദീന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ മനാമ ഏരിയ പ്രസിഡന്റ് മുഹമ്മദ് മുഹ്യുദ്ദീൻ അധ്യക്ഷത വഹിച്ചു. ജാസിർ പി.പി സ്വാഗതവും മുനീർ എം.എം. നന്ദിയും പറഞ്ഞു. സമീർ, അബ്ദുല്ലത്തീഫ്, അജ്മൽ, ഇസ്ഹാഖ്, നിയാസ് തുടങ്ങിയവർ നേതൃത്വം നൽകി. എ.എം. ഷാനവാസ് പരിപാടി നിയന്ത്രിച്ചു.