മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ ഘടകം സർഗ്ഗവേദി ഈയടുത്ത് അന്തരിച്ച മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയെ അനുസ്മരിച്ചു. മനുഷ്യ മനസ്സുകളെ നന്മയിലേക്ക് നയിക്കുന്ന ഒരു പാട് നല്ല പാട്ടുകൾ പാടിവെച്ചുകൊണ്ടാണ് പ്രശസ്ത ഗായിക വിളയിൽ ഫസീല ഈ ലോകത്തു നിന്ന് വിടപറഞ്ഞത്. മുൻകാല പ്രവാസ ജീവിതങ്ങളിലെ നോവും നൊമ്പരങ്ങളും ഉൾക്കൊണ്ടു അവർ പാടിയ പാട്ടുകൾ ഇന്നും പ്രവാസികൾ നെഞ്ചിലേറ്റുന്നുവെന്ന് ഫ്രന്റ്സ് വനിതാ വിഭാഗം പ്രസിഡന്റ് സാജിത സലീം അനുസ്മരണ സംഗമം ഉൽഘാടനം ചെയ്തു സംസാരിച്ചു.
ഫസീല പാടിയ പാട്ടുകൾ കോർത്തിണക്കി സർഗവേദി കൺവീനർ മെഹറ മൊയ്തീൻ ‘ഗാനമാല’ അവതരിപ്പിച്ചു. ഫർസാന സുബൈർ, ഫാത്തിമ ഫിദ, ലൂന ഷഫീഖ്, സലീന ജമാൽ, ഹെബ ഷക്കീബ്, അഖീല, എന്നിവർ ഗാനങ്ങൾ ആലപിക്കുകയും ഹെബ ആൻഡ് പാർട്ടി, ഷഹീന ആൻഡ് പാർട്ടി എന്നിവർ സംഘഗാനവും ബുഷ്റ ഹമീദും സംഘവും ഒപ്പനയും അവതരിപ്പിച്ചു. ഷൈമില നൗഫൽ,സലീന ജമാൽ, റഷീദ സുബൈർ, ലൂന ഷഫീഖ്, സൗദ പേരാമ്പ്ര, ഫാത്തിമ സ്വാലിഹ്, സമീറ നൗഷാദ്, ഷബീഹ ഫൈസൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.