ലക്നൗ: സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് സൗജന്യമായി സ്മാർട്ട് ഫോണും ടാബ്ലെറ്റുകളും നൽകുമെന്ന വാഗ്ദാനം പാലിക്കാനൊരുങ്ങുകയാണ് ഉത്തർപ്രദേശ് സർക്കാർ. ഡിസംബർ രണ്ടാം വാരം മുതൽ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകളും ടാബ്ലെറ്റുകളും വിതരണ ചെയ്യാൻ തുടങ്ങുമെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം അനുസരിച്ച് ആദ്യഘട്ടത്തിൽ 2.5 ലക്ഷം ടാബ്ലെറ്റുകളും 5 ലക്ഷം സ്മാർട്ട് ഫോണുകളുമാണ് വിതരണം ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് തടസ്സങ്ങളില്ലാതെ സുഗമമായി വിദ്യാഭ്യാസം നേടാൻ വേണ്ടിയാണ് ഇവ നൽകുന്നത്
ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണത്തിനായി ഒരു പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉടൻ തന്നെ ഈ പോർട്ടൽ ഉദ്ഘാടനം ചെയ്യും. സ്മാർട്ട് ഫോണുകളെയും ടാബ്ലെറ്റുകളെയും കുറിച്ചുള്ള വിശദവിവരങ്ങൾ വിദ്യാർത്ഥികൾക്ക് അവരുടെ മൊബൈൽ നമ്പർ വഴിയും ഇമെയിൽ വഴിയും നൽകും. ഔദ്യോഗിക വിവരമനുസരിച്ച് സ്മാർട്ട് ഫോണുകളും ടാബ്ലെറ്റുകളും ലഭിക്കാൻ വിദ്യാർത്ഥികൾ ഒരിടത്തും അപേക്ഷ സമർപ്പിക്കേണ്ട ആവശ്യമില്ല.
രജിസ്ട്രേഷൻ മുതൽ ഇവയുടെ ഡെലിവറി വരെയുള്ള പ്രക്രിയകൾ തീർത്തും സൗജന്യമാണ്. വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ കോളേജുകൾ സർവ്വകലാശാലക്ക് കൈമാറും. ഡാറ്റ ഫീഡിംഗ് നടത്തുന്നത് യൂണിവേഴ്സിറ്റിയാണ്. കഴിഞ്ഞ തിങ്കളാഴ്ച വരെ 27 ലക്ഷം വിദ്യാർത്ഥികളുടെ വിവരങ്ങളാണ് പോർട്ടലിലെത്തിയത്.