കട്ടപ്പന: ചാരിറ്റി പ്രവര്‍ത്തനത്തിനെന്ന പേരില്‍ വീടുകള്‍ തോറും കയറിയിറങ്ങി തുണിത്തരങ്ങള്‍ ശേഖരിച്ചു മറിച്ചു വില്‍ക്കുന്ന സംഘത്തെ കട്ടപ്പനക്കാര്‍ തുരത്തി. നഗരത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി എത്തുന്ന കുന്തളംപാറ റോഡിലാണ് തട്ടിപ്പു സംഘം വ്യാപകമായി തുണിത്തരങ്ങള്‍ വിറ്റഴിച്ചിരുന്നത്. വില്‍ക്കുന്ന തുണിയുടെ ഗുണമേന്മയില് സംശയം തോന്നിയ സമീപത്തെ വ്യാപാരികള്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തറിയുന്നത്.
ഗ്രാമപ്രദേശങ്ങളിലെ വീടുകള്‍ തോറും കയറിയിറങ്ങുന്ന സ്ത്രീ അടങ്ങുന്ന അഞ്ചംഗ തമിഴ് സംഘം അനാഥാലയങ്ങളിലേയ്ക്ക് എന്ന പേരില്‍ പഴയ വസ്ത്രങ്ങളും പണവും വാങ്ങുകയാണ് പതിവ്. പണമാണ് നല്കുന്നതെങ്കില് രസീതുമുണ്ടത്രേ! ഒരാഴ്ച്ച ഇത്തരത്തില്‍ വസ്ത്രവും പണവും ശേഖരിക്കും. തുടര്‍ന്ന് വാടകയ്ക്കെടുത്തിരിക്കുന്ന ലോഡ്ജ് മുറിയില്‍ എത്തിച്ച് വേര്‍തിരിച്ച് ഇസ്തിരിയിട്ട് തുണികള്‍ പുതിയത് പോലെയാക്കും. പിന്നീട് അന്യസംസ്ഥാന തൊഴിലാളികള്‍ ഒത്തുചേരുന്ന കുന്തളംപാറ റോഡരകില്‍ വില്‍പ്പന. കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതിനാല്‍ ആവശ്യക്കാരും ഏറെയാണ്.
നാട്ടുകാര്‍ ഇടപെട്ടപ്പോള്‍ കോട്ടയത്തെ ഇല്ലാത്ത കമ്പനിയുടെ പേര് പറഞ്ഞ് സംഘം ന്യായീകരിക്കാന്‍ നോക്കിയെങ്കിലും ഫലിച്ചില്ല. ഇനിയും നിന്നാല്‍ തല്ലു കൊള്ളേണ്ടി വരുമെന്ന ഭയത്താല്‍ കിട്ടിയ തുണിയുമായി തട്ടിപ്പു വീരന്മാര് സ്ഥലം കാലിയാക്കി. വീണ്ടും കണ്ടാല്‍ കൈയ്യോടെ പൊലീസില്‍ ഏല്‍പ്പിക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്കി.