പാരീസ് മൂന്നുദിവസം പിന്നിട്ടും കലാപം കെട്ടടങ്ങാത്ത ഫ്രാൻസില്‍ ക്രമസമാധാന നില ചര്‍ച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാക്രോണ്‍.
ബ്രസല്‍സില്‍ യൂറോപ്യൻ യൂണിയൻ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്ന മാക്രോണ്‍ നേരത്തേ മടങ്ങി. വ്യാഴം രാത്രിമാത്രം രാജ്യത്ത് 915 പേര് അറസ്റ്റിലായി. 200 പൊലീസുകാര്‍ക്ക് പരിക്കേറ്റു.
രാജ്യത്ത് ആറായിരത്തിലധികം ഇടങ്ങളില്‍ പ്രക്ഷോഭകര്‍ വാഹനങ്ങളും കെട്ടിടങ്ങളും കത്തിച്ചു. വ്യാഴം രാത്രിമാത്രം 3880 ഇടങ്ങളില്‍ പ്രക്ഷോഭകര്‍ തീയിട്ടു. സ്കൂളുകളും വായനശാലകളും കത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്. രാജ്യത്ത് പടക്കങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഫോടകവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
പ്രക്ഷോഭകരോട് നിരത്ത് വിടാൻ അഭ്യര്‍ഥിച്ച മാക്രോണ്‍, കൗമാരക്കാരെ വീട്ടിലിരുത്തണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. രാജ്യമാസകലം ബസ്, ട്രാം സര്‍വീസുകള്‍ നിര്‍ത്തി. പ്രകടനങ്ങള്‍ നിരോധിച്ചു. സുരക്ഷയ്ക്കായി കവചിത വാഹനങ്ങള്‍ ഉപയോഗിക്കാനും മാക്രോണ്‍ വിളിച്ച ഉന്നതതല യോഗത്തില്‍ തീരുമാനമായി.
ചൊവ്വാഴ്ചയാണ് ട്രാഫിക് പരിശോധനയ്ക്കിടെ പാരീസ് നാന്റെയര് സ്വദേശിയായ നായ്ല്‍ എന്ന പതിനേഴുകാരനെ പൊലീസ് വെടിവച്ച് കൊന്നത്. തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധമാണ് രാജ്യമെമ്ബാടും പടര്‍ന്ന കലാപമായി മാറിയത്. വെടിവച്ച ഉദ്യോഗസ്ഥൻ നായ്ലിന്റെ കുടുംബത്തോട് മാപ്പുപറഞ്ഞിരുന്നു. കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ വേണമെന്ന് നായ്ലിന്റെ അമ്മ മൗനിയ ആവശ്യപ്പെട്ടു.
വംശീയവെറിക്കെതിരെ
നടപടിയെടുക്കണം: യുഎൻ
ഫ്രാന്‍സിന് പതിനേഴുകാരനായ നായ്ലിനെ പൊലീസ് വെടിവച്ച് കൊന്നത് വംശീയ വിവേചനത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ആഴത്തില്‍ വേരൂന്നിയിരിക്കുന്ന വംശീയതയെ രാജ്യം കൃത്യമായി അഭിസംബോധന ചെയ്യണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു.
‘കൗമാരക്കാരന്റെ കൊലപാതകം ആശങ്കപ്പെടുത്തുന്നു. പൊലീസ് സേനയെയടക്കം ആഴത്തില്‍ സ്വാധീനിക്കുന്ന വംശീയതയ്ക്കെതിരെ ഗൗരവകരമായ നടപടിയുണ്ടാകണം. ഇത് പരിഹരിക്കാനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. രാജ്യത്ത് എത്രയുംവേഗം ക്രമസമാധാനം പുനഃസ്ഥാപിക്കണം’–- യുഎൻ മനുഷ്യാവകാശ വക്താവ് റവീന ഷംദസാനി പറഞ്ഞു. നായ്ലിന്റെ മുത്തശ്ശി അള്‍ജീരിയൻ വംശജയാണെന്നാണ് വിവരം.