ന്യൂഡൽഹി :കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെ
നാഷനൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനീയേഴ്സിന്റെ ആഭിമുഖ്യത്തിൽ വൈദ്യുതി ജീവനക്കാരും എഞ്ചിനീയർമാരും പാർലമെന്റ് സ്ട്രീറ്റിൽ ആഗസ്റ്റ് 3 മുതൽ 6 വരെ നാല് മേഖലകളിൽ നിന്നുള്ള പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റിൽ ധർണ്ണ നടത്തി.
ആഗസ്റ്റ് 3 ന് മാത്രം ധർണ്ണ നടത്തുവാൻ അനുവാദം തന്ന ഡൽഹി പോലീസ് അധികാരികൾ തുടർന്നുള്ള ദിവസങ്ങളിൽ ധർണ്ണ നടത്തുവാൻ അനുവദിച്ചില്ല.
ആഗസ്റ്റ് 4, 5 തിയ്യതികളിൽ പാർലമെന്റ് സ്ട്രീറ്റിൽ യാതൊരു പ്രതിഷേധവും അനുവദിക്കാത്തതിൽ എൻസിസി ഒ ഇ ഇ ഇ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ആഗസ്റ്റ് 6 ന്റെ ധർണ്ണയിൽ പങ്കെടുക്കുവാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വന്ന ജീവനക്കാർ ബിടി ആർ ഭവനിൽ യോഗം ചേർന്നു. യോഗത്തെ സ. എളമരം കരീം എം.പി. അഭിവാദ്യം ചെയ്ത് സംസാരിച്ചു. കേരള നിയമസഭ കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയ വിവരം എളമരം കരീം എം.പി.യോഗത്തെ അറിയിച്ചപ്പോൾ സമര വളണ്ടിയർമാർ വലിയ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു.

യോഗത്തിൽ എഐഡിഇഎ ജനറൽ സെക്രട്ടറി രത്നാകർ റാവു അദ്ധ്യക്ഷത വഹിച്ചു. ഇ ഇ എഫ് ഐ ജനറൽ സെക്രട്ടറി പ്രശാന്തോ നന്തി ചൗധരി, ഇഇഎഫ് ഐ സെക്രട്ടറി കെ.ജയപ്രകാശ്, സുഭാഷ് ലംബ, എഐപിഇഎഫ് ജനറൽ സെക്രട്ടറി ശൈലേന്ദ്ര ദൂബെ, ഇ. മനോജ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നൂറുക്കണക്കിന് ജീവനക്കാർ പാർലമെന്റ് സ്ട്രീറ്റിൽ ഒത്തുചേർന്നു. വലിയൊരു പോലീസ് സംഘം സമരകേന്ദ്രം വളഞ്ഞു. പോലീസിന്റെ ഭീഷണി വക വെക്കാതെ പ്രവർത്തകർ ബേനറുകളും പ്ലക്കാഡുകളും കൊടികളും പിടിച്ച് ആവേശപൂർവ്വം മുദ്രാവാക്യം വിളിച്ചു. നേതാക്കളുടെ പ്രസംഗങ്ങൾക്ക് ശേഷം പോലീസിന്റെ സമ്മർദ്ദം കാരണം സമരം രണ്ട് മണിയോടെ അവസാനിപ്പിച്ചു.
വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ആഗസ്റ്റ് 10 ന് അഖിലേന്ത്യാ വ്യാപകമായി വൈദ്യുതി ജീവനക്കാർ പണിമുടക്കും.
