
മനാമ: ബഹ്റൈനില്‍ ഇറാന്റെ ആക്രമണത്തോട് അനുഭാവം പ്രകടിപ്പിച്ച് വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനും രാജ്യത്തിന്റെ മൂല്യങ്ങളെയും തത്വങ്ങളെയും ലംഘിക്കുന്ന തരത്തില്‍ സഹതാപം പ്രകടിപ്പിച്ചതിനും നാലു വ്യക്തികളെ അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റിലെ സൈബര്‍ കുറ്റകൃത്യ വിരുദ്ധ ഡയറക്ടറേറ്റ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വ്യക്തികള്‍ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി ഈ വീഡിയോകള്‍ പ്രചരിപ്പിച്ചതായും ഇത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും അവരില്‍ ഭയം പ്രചരിപ്പിക്കുന്നതിനും സുരക്ഷയ്ക്കും പൊതു ക്രമത്തിനും ഹാനികരമാകുന്നതിനും കാരണമാകുന്നതായും മന്ത്രാലയം പറഞ്ഞു.
അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
നിയമനടപടികള്‍ ഒഴിവാക്കാനും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ഔദ്യോഗിക വൃത്തങ്ങളില്‍നിന്ന് മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും സ്ഥിരീകരിക്കാത്ത വീഡിയോകളോ വാര്‍ത്തകളോ പ്രചരിപ്പിക്കുകയോ വീണ്ടും പോസ്റ്റ് ചെയ്യുകയോ ചെയ്യരുതെന്നും ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.


