ബെംഗളൂരു: ലൈസൻസ് ലഭിക്കാതെ നെലമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ 74 ഗർഭഛിദ്രങ്ങൾ നടത്തിയതായി കണ്ടെത്തി. നെലമംഗല ടൗണിൽ ബിഎച്ച് റോഡിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി. സംഭവത്തിൽ ജില്ല കുടുംബം വെൽഫെയർ ഓഫിസർ ഡോ. എസ് ആർ മഞ്ജുനാഥ് നെലമംഗല ടൗൺ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
1971 മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമത്തിലെ സെക്ഷൻ 4-ന്റെ ഉപവകുപ്പിന്റെ (ബി) ലംഘനമാണിതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ആശുപത്രി ഉടമകൂടിയായ ഡോക്ടറിൽ നിന്നും പ്രതികരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം സ്വകാര്യ ആശുപത്രിക്കെതിരെ പൊതുജനങ്ങൾ ഡിഎച്ച്ഒയ്ക്ക് പരാതി നൽകിയിരുന്നു.
ജില്ല കുടുംബക്ഷേമ ഓഫിസർ ഡോ.എസ്.ആർ മഞ്ജുനാഥ് ആശുപത്രി സന്ദർശിക്കുകയും പരിശോധനയിൽ മെഡിക്കൽ ടെർമിനേഷൻ നിയമ പ്രകാരം ലൈസൻസില്ലാതെ 2021 മുതൽ 74 ഗർഭഛിദ്രങ്ങൾ ഡോക്ടർ നടത്തിയതായും കണ്ടെത്തി. അതേസമയം കെപിഎംഇ (Karnataka Private Medical Establishment) അതോറിറ്റിയിലാണ് ആശുപത്രി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ ആശുപത്രിയിൽ നടത്തിയ ഗർഭഛിദ്രങ്ങൾക്കുള്ള അഡ്മിഷൻ രജിസ്റ്റർ എംടിപി പരിപാലിക്കുന്നില്ല.
ഇത് മെഡിക്കൽ അബോർഷൻ ആക്ട് 1971 2003 ബില്ലിലെ റൂൾ 5ന്റെ ഉപവകുപ്പുകളായ (1), 2, (3) ന്റെ ലംഘനമാണ്. ഗർഭച്ഛിദ്രത്തിന്റെ പ്രതിമാസ വിശദാംശങ്ങൾ ആശുപത്രി ജില്ല അതോറിറ്റിക്ക് സമർപ്പിച്ചതിന് രേഖകളില്ല. സംഭവത്തിൽ തുടർനടപടികൾ പൊലീസ് സ്വീകരിച്ചുവരികയാണ്.