വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുവാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടി വൈകി വന്ന വിവേകമാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി രാജ്യത്തെ കര്‍ഷകര്‍ നടത്തി വന്ന സന്ധിയില്ലാത്ത സമരത്തിന്റെ വിജയമാണ് ഈ പ്രഖ്യാപനം.
എഴുനൂറോളം കര്‍ഷകര്‍ക്കാണ് ഈ സമരത്തില്‍ ജീവന് നഷ്ടപ്പെട്ടത്. നിരവധി കര്‍ഷകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തീരാത്ത വേദനയും മാനസിക സംഘര്‍ഷവുമാണ് ഈ സമരം മൂലമുണ്ടായത്. ഇപ്പോള്‍ കാട്ടിയ വിവേകം പ്രധാനമന്ത്രി നേരത്തെ കാണിച്ചിരുന്നൂവെങ്കില് നിരവധി വിലപ്പെട്ട കര്‍ഷകരുടെ ജീവന് നഷ്ടപ്പെടില്ലായിരുന്നു.
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്കുണ്ടായ തിരിച്ചടിയുടെ തിരിച്ചറിവിലാണ് ഉത്തര്‍ പ്രദേശിലെയും പഞ്ചാബിലെയും തെരഞ്ഞെടുപ്പു വരാന്‍ പോകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആള് ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്കും പാര്‍ട്ടിയുടെ കര്‍ഷക സംഘടനയായ ആള് ഇന്ത്യാ അഗ്രഗാമി കിസാന്‍ സഭയും തുടക്കം മുതല്‍ തന്നെ കര്‍ഷക സമരത്തോടൊപ്പം ഉണ്ടായിരുന്നു. വിവാദ കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ചുകൊണ്ട് ഇന്നലെ വരെ സംസാരിച്ചിരുന്ന സര്‍ക്കാര്‍ അനുകൂലികളും മന്ത്രിമാരും പൊതുസമൂഹത്തോട് മാപ്പു പറയണം.
നിയമങ്ങള്‍ പിന് വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചാല്‍ മാത്രം പോരാ പാര്‍ലമെന്ററി നടപടികളിലൂടെ വിവാദ നിയമങ്ങള്‍ പിന് വലിക്കണമെന്നും കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.
സ്വതന്ത്ര ഭാരതത്തില്‍ നാളിതുവരെ നടന്ന സമരങ്ങളുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തേണ്ടുന്ന ഐതിഹാസിക സമരം നടത്തിയ കര്‍ഷകരെയും അവര്‍ക്ക് പിന്തുണ നല്കിയ കേന്ദ്ര തൊഴിലാളി സംഘടനകളെയും ഫോര്‍വേഡ് ബ്ലോക്ക് അഭിനന്ദിക്കുന്നുവെന്നും ദേവരാജന്‍ അറിയിച്ചു.
