
മനാമ: ബഹ്റൈനില്‍ ഐക്യരാഷ്ട്രസഭയുടെ മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്കായുള്ള ഓഫീസ് (യു.എന്‍.ഒ.ഡി.സി), ജുഡീഷ്യല്‍ ആന്റ് ലീഗല്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ പബ്ലിക് പ്രോസിക്യൂഷന് സംഘടിപ്പിക്കുന്ന സംഘടിത തട്ടിപ്പിനെതിരെ പോരാടാനുള്ള കഴിവുകള്‍ ശക്തിപ്പെടുത്താനുള്ള ദേശീയ ഫോറത്തിന് തുടക്കമായി.
ഉദ്ഘാടന ചടങ്ങില്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനും കോര്‍ട്ട് ഓഫ് കാസേഷന്‍ പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ അലി ബിന്‍ അബ്ദുല്ല ആല് ഖലീഫ, അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫദ്ല് അല്‍ ബുഐനൈന്‍ എന്നിവര്‍ പങ്കെടുത്തു.
ജഡ്ജിമാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് നാഷണല്‍ സെന്റര്‍, ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍, ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി എന്നിവയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍, മറ്റ് ബാങ്കുകളിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ എന്നിവര്‍ രണ്ടു ദിവസത്തെ ഫോറത്തില്‍ പങ്കെടുക്കുന്നു.
വ്യക്തികളിലും സമ്പദ്വ്യവസ്ഥയിലും നിക്ഷേപകരുടെ ആത്മവിശ്വാസത്തിലും വഞ്ചന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് അല്‍ ബുഐനൈന്‍ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.
തട്ടിപ്പുകളുടെ രീതികള്‍, മികച്ച ജുഡീഷ്യല്‍- സുരക്ഷാ രീതികള്‍, സംഘടിത തട്ടിപ്പും ഇലക്ട്രോണിക് തട്ടിപ്പും തടയുന്നതില്‍ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പങ്ക്, സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തെളിവുകള്‍ ശേഖരിക്കാനുമുള്ള സാങ്കേതിക കഴിവുകള്‍, അതിര്‍ത്തി കടന്നുള്ള തട്ടിപ്പുകള്‍ കണ്ടെത്താനുള്ള അന്താരാഷ്ട്ര സഹകരണം, ഈ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സെഷനുകള്‍ ഫോറത്തിലുണ്ട്.


