
മനാമ: ബഹ്റൈന്റെ പരമാധികാര സ്വത്ത് ഫണ്ടായ മുംതലകത്ത് ഹോള്‍ഡിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മക്ലാരന് ടീം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫോര്‍മുല വണ്‍ കണ്‍സ്ട്രക്ടേഴ്സ് ചാമ്പ്യന്‍ഷിപ്പ് നേടി. ഇത് ടീമിന്റെ പത്താമത്തെ മൊത്തത്തിലുള്ള കിരീടമാണ്.
മറീന ബേയില്‍ നടന്ന സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീയില്‍ ലാന്‍ഡോ നോറിസ് മൂന്നാം സ്ഥാനത്തും സഹതാരം ഓസ്കാര്‍ പിയാസ്ട്രി നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തതോടെ ചരിത്ര വിജയം ഉറപ്പിച്ചു. ഇതോടെ ടീമിന്റെ ആകെ പോയിന്റുകള്‍ 650 ആയി ഉയര്‍ന്നു. സീസണ് അവസാനിക്കുന്നതിനു മുമ്പ് ആറു മത്സരങ്ങളില്‍ കിരീടം നേടി. ഇത് ഏറ്റവും വേഗതയേറിയ ചാമ്പ്യന്‍ഷിപ്പ് വിജയത്തിനുള്ള റെക്കോര്‍ഡിന് തുല്യമായി.
18 മത്സരങ്ങളിലായി 12 വിജയങ്ങളും ഏഴ് വണ്‍-ടൂ ഫിനിഷുകളും 28 പോഡിയങ്ങളും നേടിയ ഈ വിജയം മക്ലാരന്റെ സാങ്കേതികവും സംഘടനാപരവുമായ മികവിനെ പ്രതിഫലിപ്പിക്കുന്നു.
