മനാമ: ബഹ്റൈനിൽ നടന്ന രണ്ടാമത്തെ ഫോർമുല 1 സാഖിർ ഗ്രാൻഡ് പ്രിയിൽ റേസിംഗ് പോയിന്റിന്റെ സെർജിയോ പെരേസ് ജേതാവായി. 30 കാരനായ മെക്സിക്കൻ താരം സെർജിയോ പെരേസിന്റെ കരിയറിലെ ആദ്യ ഫോർമുല വൺ കിരീടമാണ് ഇത്. ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ ഇന്നലെ നടന്ന ഫൈനലിൽ റെണാൾട്ട് താരം എസ്റ്റബാൻ ഒകോൺ രണ്ടാമതും റേസിംഗ് പോയിന്റിന്റെ തന്നെ ലാൻസ് സ്ട്രോൾ മൂന്നാമതും ഫിനിഷ് ചെയ്തു.
ഗ്രിഡിൽ അഞ്ചാം സ്ഥാനത്ത് നിന്ന് പെരസ് ആരംഭിച്ചെങ്കിലും റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റപ്പൻ, ഫെരാരിയുടെ ചാൾസ് ലെക്ലർക്ക് എന്നിവർ മതിലിൽ ഇടിച്ചു പുറത്തായതിനെ തുടർന്ന് നാലാം പൊസിഷനിൽ തുടരാൻ സെർജിയോ പെരേസിന് അവസരം ലഭിച്ചു.ലോക ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടന്റെ പകരക്കാരനായി ഇറങ്ങിയ മെഴ്സിഡസിന്റെ ജോർജ് റസ്സൽ ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 63 ലാപ്പ് വരെയും മുന്നിട്ടു നിന്നിരുന്ന റസ്സൽ ടയർ പഞ്ചറായതിനെ തുടർന്ന് പിന്നിലേക്ക് പോകുകയായിരുന്നു. പരിശീലന മത്സരത്തിലും യോഗ്യത മത്സരത്തിനും ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു റസ്സൽ. സാഖിർ ഗ്രാൻഡ് പ്രീയിൽ 87 ലാപ്പുകളായിരുന്നു ഉണ്ടായിരുന്നത്.
ഫോർമുല 1 ന്റെ ഈ വർഷത്തെ 16 റൗണ്ടാണ് സഖീറിൽ നടന്നത്. 17 റൗണ്ടുകളുള്ള ഈ വർഷത്തെ ഫോർമുല 1 ന്റെ അവസാന മത്സരം ഡിസംബർ 10 മുതൽ 13 വരെ അബുദാബിയിൽ നടക്കും.