
മനാമ: ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രിക്സ് (ഫോര്‍മുല 1) സംഘടിപ്പിക്കുന്നതിനുള്ള സുരക്ഷാ ഡയറക്ടറേറ്റുകളുടെ തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും സംബന്ധിച്ച തുടര്‍നടപടികളെക്കുറിച്ച് പൊതു സുരക്ഷാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് ബിന്‍ ഹസ്സന് അല്‍ ഹസ്സന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഏകോപനസമിതി യോഗം ചര്‍ച്ച ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടര്‍മാരും ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിന്റെ പ്രതിനിധിയും യോഗത്തില്‍ പങ്കെടുത്തു. ഈ ആഗോള പരിപാടിയുടെ വിജയകരമായ ആതിഥേയത്വം ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ തയ്യാറെടുപ്പുകളുടെയും ആവശ്യമായ ക്രമീകരണങ്ങളുടെയും തുടര്‍നടപടികളുടെ ഭാഗമായിരുന്നു യോഗമെന്ന് പൊതു സുരക്ഷാ മേധാവി പറഞ്ഞു. ബഹ്റൈന്‍ ഈ പരിപാടി സംഘടിപ്പിക്കുന്നതില്‍ രണ്ടു പതിറ്റാണ്ടിലേറെ പരിചയമുണ്ട്. ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പരിപാടി നടത്താന്‍ ഈ പരിചയം ബന്ധപ്പെട്ട അധികൃതരെ പ്രാപ്തരാക്കിയിട്ടുമുണ്ട്.
ഈ ആഗോള കായികമേളയുടെ വിജയം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളും നടത്തിയ ശ്രമങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
