കൊച്ചി: മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ നാട് വിട്ടതെന്ന് കുടുംബം. കളമശേരി പൊലീസ് സ്റ്റേഷനിലെ മുൻ എഎസ്ഐ കെകെ ബൈജുവാണ് നാട് വിട്ടത്. മേലുദ്യോഗസ്ഥൻ സ്റ്റേഷനിൽ വച്ച് അസഭ്യം പറഞ്ഞെന്നും ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മാനസിക വിഷമം ഉണ്ടാക്കുന്ന രീതിയിലാണ് പെരുമാറിയതെന്നും കുടുംബം ആരോപിച്ചു. കളമശേരി പൊലീസ് സ്റ്റേഷനിലെ മുൻ എഎസ്ഐ കെ.കെ ബൈജുവിനെ വ്യാഴാഴ്ച വൈകിട്ടോടെയാണ് കാണാതായത്. തുടർന്നുള്ള അന്വേഷണത്തിൽ കൊച്ചി ഹിൽ പാലസ് പൊലീസ് ഇദ്ദേഹത്തെ ബംഗളൂരുവിൽ നിന്ന് കണ്ടെത്തി.
കഴിഞ്ഞ വർഷം ഏപ്രിലിൽ കളമശ്ശേരി ഇൻസ്പെക്ടർ സ്റ്റേഷനിൽ വച്ച് അസഭ്യം പറഞ്ഞെന്നും ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മാനസിക സംഘർഷമുണ്ടാക്കുന്ന രീതിയിലാണ് പെരുമാറിയതെന്നും കുടുംബം ആരോപിച്ചു. രണ്ടാഴ്ച മുമ്പ് ബൈജുവിനെ ഒരു കാരണവുമില്ലാതെ ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റിയെന്നും കുടുംബം പറഞ്ഞു. മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തിനെതിരെ ജൂൺ 22ന് ഇവർ ഡിജിപിക്ക് പരാതി നൽകിയിരുന്നു.
എന്നാൽ ഒന്നര മാസത്തിന് ശേഷമാണ് മൊഴിയെടുക്കാൻ പോലും തയ്യാറായതെന്നാണ് ആരോപണം. പരാതിയിൽ നടപടിയെടുക്കാത്തത് ബൈജുവിനെ മാനസികമായി തളർത്തിയെന്നും കുടുംബം പറഞ്ഞു. അതേസമയം, ബൈജുവിന്റെ പരാതിയിൽ ഡി.ജി.പിയുടെ ഓഫീസ് വിവരങ്ങൾ തേടിയതായി ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.