മനാമ: ശ്രീനാരായണ ഗുരുവിൻറെ 169ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാനായി ഇന്ത്യൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബഹ്റൈനിലെത്തി. ബുധനാഴ്ച രാത്രി 9. 20 ന് എയർ ഇന്ത്യ വിമാനത്തിലാണ് അദ്ദേഹം എത്തിയത്.
ശ്രീനാരായണ കൾചറൽ സൊസൈറ്റി, ഗുരുദേവ സോഷ്യൽ സൊസൈറ്റി, ഗുരുസേവാ സമിതി എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് സെപ്റ്റംബർ ഏഴു മുതൽ ഒമ്പതുവരെ ഗുരുജയന്തി പരിപാടികൾ നടത്തുന്നത്. സെപ്റ്റംബർ ഏഴിന് നടത്തുന്ന അത്താഴവിരുന്നിൽ മുൻ രാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും.
ബഹ്റൈനിലെയും ഇന്ത്യയിലെയും മന്ത്രിമാർ, ഇന്ത്യൻ അംബാസഡർ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, പ്രമുഖ ബിസിനസ് സംരംഭകർ, വ്യക്തിത്വങ്ങൾ, മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവർ പങ്കെടുക്കും.
സെപ്റ്റംബർ എട്ടിന് ബഹ്റൈൻ സമയം വൈകീട്ട് 6.30ന് ഇന്ത്യൻ സ്കൂൾ, ഇസാ ടൗൺ അങ്കണത്തിൽ ‘ട്രിബ്യൂട്ട് ടു ബഹ്റൈൻ’ പൊതുപരിപാടിയിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, ബഹ്റൈൻ മന്ത്രിമാർ, എം.എ. യൂസുഫലി, ശിവഗിരി മഠം പ്രസിഡൻറ് സച്ചിദാനന്ദ സ്വാമികൾ, ജനറൽ സെക്രട്ടറി ശുഭകാനന്ദ സ്വാമികൾ, തുടങ്ങിയവരടക്കം പ്രമുഖർ പങ്കെടുക്കും. ഒമ്പതിന് രാവിലെ പത്തു മുതൽ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന ‘കുട്ടികളുടെ പാർലമെൻറ്’ പരിപാടി മുൻ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ പത്തിന് അദ്ദേഹവും കുടുംബം ഉൾപ്പെടുന്ന സംഘം ഇന്ത്യയിലേക്ക് മടങ്ങും.