മനാമ: മുൻ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബഹ്റൈനിലെത്തി. ശ്രീനാരായണ ഗുരുവിന്റെ 169-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (എസ്എൻസിഎസ്), ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജിഎസ്എസ്), ഗുരു സേവാ സമിതി (ബഹ്റൈൻ ബില്ലവാസ്) എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.
സെപ്റ്റംബർ 7 മുതൽ 9 വരെയാണ് ശ്രീ നാരായണ ജയന്തിയോടനുബന്ധിച്ചുള്ള പരിപാടികൾ നടക്കുക. ബഹ്റൈനിലെത്തിയ അദ്ദേഹം7, 8,9 എന്നീ ദിവസങ്ങളിൽ ഇവിടെ നടക്കുന്ന വിവിധ പരിപാടികളിൽ സംബന്ധിക്കും.
ബുധനാഴ്ച രാത്രി പത്തോടെ എയർ ഇന്ത്യ വിമാനത്തിലാണ് മുൻ രാഷ്ട്രപതി എത്തിയത്. റാഡിസൺ ബ്ലൂ ഹോട്ടലിലാണ് അദ്ദേഹം തങ്ങുന്നത്. സെപ്റ്റംബർ ഏഴിന് വൈകീട്ട് ഏഴിന് റാഡിസൺ ബ്ലൂ ഹോട്ടൽ, ഗ്രാൻഡ് അംബാസഡർ ബാൾറൂം ഹാളിൽ നടക്കുന്ന അത്താഴവിരുന്നിൽ മുൻ രാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്റൈനിലെയും ഇന്ത്യയിലെയും മന്ത്രിമാർ, ഇന്ത്യൻ അംബാസഡർ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, പ്രമുഖ ബിസിനസ് സംരംഭകർ, വ്യക്തിത്വങ്ങൾ, സംഘടനാതലവന്മാർ, കുടുംബാംഗങ്ങൾ എന്നിവരും പങ്കെടുക്കും.
എട്ടിന് വൈകീട്ട് 6.30ന് ഇന്ത്യൻ സ്കൂൾ, ഇസാ ടൗൺ അങ്കണത്തിൽ ‘ട്രിബ്യൂട്ട് ടു ബഹ്റൈൻ’ പൊതുപരിപാടിയിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, ബഹ്റൈൻ മന്ത്രിമാർ, എം.എ. യൂസുഫലി, ശിവഗിരി മഠം പ്രസിഡൻറ് സച്ചിദാനന്ദ സ്വാമികൾ, ജനറൽ സെക്രട്ടറി ശുഭകാനന്ദ സ്വാമികൾ, അംബാസഡർ, തുടങ്ങിയവരടക്കം പ്രമുഖർ പങ്കെടുക്കും. ഒമ്പതിന് രാവിലെ പത്തു മുതൽ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന ‘കുട്ടികളുടെ പാർലമെൻറ്’ പരിപാടി മുൻ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ചയാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുന്നത്.