ജിദ്ദ: വിദേശികൾക്ക് ഉംറ തീർഥാടനത്തിന് വിസ അനുവദിക്കുന്നത് സംബന്ധിച്ച അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങുമെന്ന് സൗദി ഹജ്ജ് ഉംറ കാര്യ മന്ത്രാലയം അറിയിച്ചു. ഹജ്ജ് തീർഥാടനത്തിനായി താൽക്കാലികമായി നിർത്തിവച്ച ഉംറ തീർഥാടനത്തിന്. സൗദിയിലുള്ളവർക്ക് ഹജ്ജ് കഴിഞ്ഞ ഉടൻ തന്നെ അനുമതി നൽകിയിരുന്നു. കൊവിഡിനെ തുടർന്ന് നിയന്ത്രണങ്ങൾ പാലിച്ച് ഘട്ടം ഘട്ടമായി സ്വദേശികളും വിദേശികളും ഉൾപ്പെടെ മാസത്തിൽ 20 ലക്ഷം ഉംറ തീർഥാടകരെ അനുവദിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. സൗദിയിൽ അംഗീകാരമുള്ള കൊവിഡ് വാക്സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് മാത്രമേ ഉംറയ്ക്ക് അനുമതി നൽകുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി.
ഉംറയ്ക്കുള്ള അനുമതിക്കായുള്ള അപേക്ഷയോടൊപ്പം വാക്സിനേഷൻ സർട്ടിഫിക്കറ്റും സമർപ്പിക്കണം. ഇഅ്തമർനാ, തവക്കൽ നാ ആപ്ലിക്കേഷനുകൾ വഴിയാണ് ഉംറയ്ക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. മുപ്പത് ദിവസം കാലാവധിയുള്ള ഉംറ വിസകളാണ് അനുവദിക്കുന്നത്. രാജ്യത്തേക്ക് യാത്ര വിലക്കില്ലാത്ത ഗ്രീൻ ലിസ്റ്റിൽ പെട്ട രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കാണ് നിലവിൽ ഉംറയ്ക്ക് അനുമതി നൽകുന്നത്. അതിനാൽതന്നെ ഇന്ത്യയിൽ നിന്നുള്ളവർക്ക് നിലവിൽ വിസ അനുവദിക്കുന്നില്ല.