
റബാത്ത്: ആഭ്യന്തര, വിദേശ നയങ്ങളിൽ ബഹ്റൈൻ മനുഷ്യാവകാശ സംരക്ഷണത്തിനും അതിന്റെ പ്രോത്സാഹനത്തിനും സുപ്രധാന മുൻഗണന നൽകുന്നുണ്ടെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു.
മൊറോക്കോയിൽ നടക്കുന്ന യു.എൻ. മനുഷ്യാവകാശ കൗൺസിൽ (യു.എൻ.എച്ച്.ആർ.സി) സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം, നീതി, സമത്വം എന്നിവ ഉയർത്തിപ്പിടിക്കുന്നതിനും മതം, വംശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ഇല്ലെന്ന് ഉറപ്പാക്കുന്നതിനും രാജ്യം പ്രത്യേകം ശ്രദ്ധിക്കുന്നു. എല്ലാ വ്യക്തികൾക്കും തുല്യ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ് ബഹ്റൈൻ്റെ സമീപനം.
മനുഷ്യാവകാശങ്ങൾ, സഹവർത്തിത്വം, ആഗോള ഐക്യദാർഢ്യം എന്നിവയെക്കുറിച്ചുള്ള രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സമഗ്രമായ കാഴ്ചപ്പാട് അദ്ദേഹം വിശദീകരിച്ചു.
സമ്മേളനത്തിൽ യു.എൻ. മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക്, മനുഷ്യാവകാശ കൗൺസിൽ അംഗരാജ്യങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നു.
