
മനാമ: നിര്‍ണായക സുരക്ഷാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐ.ഐ.എസ്.എസ്) സംഘടിപ്പിച്ച മനാമ ഡയലോഗിന്റെ 20ാം സമ്മേളനം ബഹ്റൈന്‍ കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, സൈനിക നേതാക്കള്‍, അക്കാദമിക വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു.

ഉദ്ഘാടനച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി, കിരീടാവകാശിയെയും സമ്മേളനത്തില്‍ പങ്കെടുത്ത മറ്റു പ്രമുഖരെയും സ്വാഗതം ചെയ്തു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ഈ വര്‍ഷത്തെ സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സംഭാഷണം, സഹവര്‍ത്തിത്വം, പരസ്പര ബഹുമാനം എന്നീ തത്വങ്ങളില്‍ അടിയുറച്ചതാണ് ബഹ്റൈന്റെ നയതന്ത്ര സമീപനമെന്ന് പറഞ്ഞ മന്ത്രി, നിര്‍ണായകമായ മൂന്ന് വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി. ആദ്യത്തേത് ഗാസ സംഘര്‍ഷമാണ്. അത് പരിഹരിക്കാനായി ബഹ്റൈന്‍ അടിയന്തര വെടിനിര്‍ത്തല്‍, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കല്‍, മാനുഷിക- പുനര്‍നിര്‍മ്മാണ സഹായങ്ങള്‍ തടസ്സമില്ലാതെ വിതരണം ചെയ്യല്‍ എന്നിവയ്ക്കായി വാദിക്കുന്നു. രണ്ടാമത്തെ വെല്ലുവിളി ലെബനനിലെ സംഘര്‍ഷമാണ്. അവിടെ ബഹ്റൈന്‍ എല്ലാ കക്ഷികളോടും വെടിനിര്‍ത്തലിന് തയാറാകാനും യു.എന്‍. സുരക്ഷാ കൗണ്‍സില്‍ പ്രമേയം 1701ഉം അന്താരാഷ്ട്ര നിയമവും അനുസരിച്ചുള്ള അവരുടെ ബാധ്യതകള്‍ പാലിക്കാനും ആവശ്യപ്പെട്ടു. മൂന്നാമത്തെ വിഷയം സിറിയയിലെ സ്ഥിതിയാണ്. സിറിയയുടെ പരമാധികാരം, പ്രാദേശിക അഖണ്ഡത, ജനങ്ങളുടെ അവകാശങ്ങള്‍ എന്നിവ സംരക്ഷിക്കുന്ന ഒരു രാഷ്ട്രീയ പരിഹാരം കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളെ പിന്തുണയ്ക്കുന്നതായും മേഖലയില്‍ സൃഷ്ടിപരമായ പങ്ക് വഹിക്കാന്‍ തയാറാണെന്നും അറബ് ലീഗ് അധ്യക്ഷന്‍ എന്ന നിലയില്‍ ബഹ്റൈന്‍ മന്ത്രി പറഞ്ഞു.

ഐ.ഐ.എസ്.എസ്. ഡയറക്ടര്‍ ജനറലും സി.ഇ.ഒയുമായ ഡോ. ബാസ്റ്റ്യന്‍ ഗീഗറിച്ചും സമ്മേളനത്തെ അഭിസംബോധന ചെയ്തു, സമാധാനവും സുരക്ഷയും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഐ.ഐ.എസ്.എസിന്റെ ദൗത്യത്തിന് തുടര്‍ച്ചയായ പിന്തുണ നല്‍കിയതിന് ബഹ്റൈന്‍ രാജാവിനും കിരീടാവകാശിക്കും അദ്ദേഹം നന്ദി അറിയിച്ചു.
ലോകം നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്തു.
