.
ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പന്തായ ‘അൽ രിഹ്ല’ മഞ്ചേരിയിലെത്തി. 620 ഖത്തർ റിയാലാണ് പന്തിന്റെ വില. ഏകദേശം 13,000 രൂപയാണ് നാട്ടിലെ വില. ഫിഫ സ്പോർട്സ് ഉടമ മുഹമ്മദ് സലീമാണ് ഖത്തറിൽ നിന്ന് പന്ത് ഫുട്ബോളിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയിലേക്ക് എത്തിച്ചത്.
യാത്ര, സഞ്ചാരം എന്നാണ് അൽ രിഹ്ല എന്ന അറബി വാക്കിന്റെ ഭാഷാർഥം. സംഘാടകരുടെ അനുമതി കിട്ടിയാൽ പന്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുന്ന പയ്യനാട്ട് ഫുട്ബോള്‍ മൈതാനത്ത് പ്രദർശനം നടത്തുമെന്ന് സലീം പറയുന്നു.
ഖത്തറിലുള്ള സുഹൃത്ത് കോഴിക്കോട് സ്വദേശി റൗഷിദ് വഴിയാണ് മുഹമ്മദ് സലീം പന്ത് സന്തോഷ് ട്രോഫിക്ക് ആരവം ഉയരാൻ ഒരുങ്ങുന്ന മഞ്ചേരിയിലെത്തിച്ചത്.
വിൽപ്പനയ്ക്കായല്ല പന്തെത്തിച്ചതെന്നും പ്രദർശനം മാത്രമാണ് ലക്ഷ്യമെന്നും മുഹമ്മദ് സലീം പറയുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത് എന്ന വിശേഷണത്തോടെയാണ് ഖത്തര്‍ ലോകകപ്പിനായി അഡിഡാസ് അൽ രിഹ്ല പുറത്തിറക്കിയിരിക്കുന്നത്.