ബെംഗളൂരു: ബെംഗളുരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ വഴിത്തിരിവായി നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു. ഗ്രേ ഷർട്ടും കറുത്ത ജീൻസും വെള്ള മാസ്കും ധരിച്ച് നടന്ന് നീങ്ങുന്ന പ്രതിയുടെ ദൃശ്യമാണ് പുറത്ത് വിട്ടത്. അതേസമയം, ഇത് എവിടെ നിന്നുള്ള സിസിടിവി ദൃശ്യമാണെന്ന് എൻഐഎ വെളിപ്പെടുത്തിയിട്ടില്ല. വെള്ള മാസ്ക് ധരിച്ചാണ് പ്രതി നടക്കുന്നത് എന്നതിനാൽ ഈ സിസിടിവി ദൃശ്യത്തിൽ മുഖം കൃത്യമായി വ്യക്തമല്ല. എന്നാൽ, ഇയാൾ ബെംഗളൂരുവിലെ സിറ്റി ബസ് സർവീസിൽ മുഖം മറയ്ക്കാതെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ എൻഐഎ കണ്ടെടുത്തിരുന്നു.
അതിൽ ഇയാളുടെ മുഖം കൃത്യമായി കാണാം. മാർച്ച് ഒന്നിന് സ്ഫോടനം നടത്തിയ ശേഷം പ്രതി പല സിറ്റി ബസ് സർവീസുകൾ വഴി യാത്ര ചെയ്ത് ഒടുവിൽ ബെല്ലാരിയിലേക്ക് കടന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് എൻഐഎ കണ്ടെത്തിയിരുന്നു. യാത്രയ്ക്കിടെ പ്രതി ഒരു തവണ വസ്ത്രം മാറി. ധരിച്ചിരുന്ന തൊപ്പി വഴിയിൽ ഉപേക്ഷിച്ചു. ഒരു ആരാധനാലയത്തിൽ കയറി. ഇതെല്ലാം അന്വേഷണ ഏജൻസികളെ കബളിപ്പിക്കാനെന്നാണ് എൻഐഎയുടെ വിലയിരുത്തൽ. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 08029510900, 8904241100 എന്ന നമ്പറിലോ info.blr.nia@gov.in എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടണം. അതേസമയം, സ്ഫോടനം നടന്ന രാമേശ്വരം കഫേ ഇന്ന് മുതൽ വീണ്ടും പ്രവർത്തനം തുടങ്ങി. കനത്ത സുരക്ഷാ പരിശോധനകളോടെയാണ് കഫേയിലേക്ക് ആളുകളെ കയറ്റി വിടുന്നത്.