
മനാമ: ബഹ്റൈനില്‍ ഭക്ഷണ ട്രക്കുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍.
വേറെ ഒട്ടേറെ വ്യവസ്ഥകളും ബില്ലിലുണ്ട്. ഭക്ഷണ ട്രക്കുകള്‍ നിര്‍ത്തേണ്ടത് ജംഗ്ഷനുകള്‍ക്ക് 50 മീറ്റര്‍ അകലെയായിരിക്കണം. രാവിലെ ആറ് മുതല്‍ അര്‍ദ്ധരാത്രി വരെയായിരിക്കണം വ്യാപാരം.
എം.പിമാരായ ഖാലിദ് ബുവാനാഖ്, അഹമ്മദ് അല്‍ സല്ലൂം, ഹിഷാം അല്‍ അവാദ് എന്നിവരാണ് ബില്‍ കൊണ്ടുവന്നത്.
ഭക്ഷണ ട്രക്ക് പ്രവര്‍ത്തിപ്പിക്കാനുള്ള അപേക്ഷകര്‍ ബഹ്റൈനികള്‍ മാത്രമായിരിക്കണം. ആരോഗ്യ മന്ത്രാലയത്തില്‍നിന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സില്‍നിന്നും അനുമതി നേടണം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. പാര്‍ക്കിംഗിനായി മുനിസിപ്പല്‍ ക്ലിയറന്‍സ് നേടണം.
ഓരോ വാഹനത്തിലും അതിന്റെ വ്യാപാര നാമവും വാണിജ്യ രജിസ്ട്രേഷന് നമ്പറും പ്രദര്‍ശിപ്പിക്കണം. ലൈസന്‍സ് നേടിയ ആളുടെ കീഴില്‍ വിദേശികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാന്‍ പാടില്ലെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.
